കാൽഗറി: കാൽഗറിയിൽ ബോക്സിങ് ദിനത്തിൽ നാടിനെ നടുക്കിയ വാഹനാപകട കേസിൽ പ്രതിയായ ഡ്വെയ്ൻ നെപൂസിന്റെ (31) ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. നിയന്ത്രണം വിട്ട വേഗതയിൽ വണ്ടിയോടിച്ച് ഒൻപതുകാരിയുടെ മരണത്തിനിടയാക്കിയ കേസിൽ കാൽഗറി കോടതിയിലാണ് വിധി പ്രസ്താവിക്കുന്നത്. 2024 ഡിസംബർ 26-ന് ബോക്സിങ് ദിനത്തിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. ഒരു ഫാർമസിയിൽ കവർച്ച നടത്തിയ ശേഷം ഡ്വെയ്ൻ നെപൂസ് ഒരു മിനിവാൻ മോഷ്ടിച്ച് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ‘മാക്ലിയോഡ് ട്രെയിൽ – സൗത്ത്ലാന്റ് ഡ്രൈവ്’ കവലയിൽ വെച്ച് റെഡ് സിഗ്നൽ പോലും ഗൗനിക്കാതെ വന്ന മിനിവാൻ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിലായിരുന്നു പ്രതി വണ്ടിയോടിച്ചിരുന്നതെന്ന് പൊലീസിന്റെ ഹെലികോപ്റ്റർ നിരീക്ഷണത്തിൽ വ്യക്തമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ആകെ അഞ്ച് വാഹനങ്ങളാണ് തകർന്നത്. അപകടത്തിൽ ഒൻപത് വയസ്സുകാരിയായ വിക്ടോറിയ ദെഷാർഡിൻസ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. വിക്ടോറിയയുടെ അമ്മയ്ക്കും ചേച്ചിക്കും ഉൾപ്പെടെ ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മക്കളെയും അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് ആളപായം വരുത്തിയതും, ആളുകൾക്ക് പരിക്കേൽപ്പിച്ചതും, മോഷണം നടത്തി പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമം നടത്തി എന്നീ കുറ്റങ്ങളെല്ലാം പ്രതി കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധനകൾക്കും വാദപ്രതിവാദങ്ങൾക്കുമായി കേസ് പലതവണ നീട്ടിവെച്ച ശേഷമാണ് ഇപ്പോൾ വിധിയിലേക്ക് എത്തുന്നത്. പ്രതിക്ക് പരമാവധി ഒൻപത് വർഷം തടവും ശേഷം അഞ്ച് വർഷത്തേക്ക് വണ്ടിയോടിക്കുന്നതിന് വിലക്കും ഏർപ്പെടുത്തണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് പത്തര വർഷം വരെ തടവുശിക്ഷ നൽകണമെന്നും, ആജീവനാന്ത ഡ്രൈവിംഗ് വിലക്കും ആയുധങ്ങൾ കൈവശം വെക്കുന്നതിനും വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









