ഒന്റാരിയോ; അതിർത്തി കടന്ന് അമേരിക്കയിലെ 1.5 ദശലക്ഷത്തോളം വീടുകളിലേക്ക് ഒന്റാരിയോ നൽകുന്ന വൈദ്യുതി വിതരണം നിർത്തിവെക്കുന്ന കാര്യം മറ്റ് കാനഡ പ്രവിശ്യാ പ്രധാനികളുടെ പിന്തുണയില്ലാതെ തനിച്ച് നടപ്പാക്കില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി. വോണിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിൽ എല്ലാ ബദൽ മാർഗ്ഗങ്ങളും പരിഗണനയിലുണ്ടെങ്കിലും, ഒന്റാരിയോ ഒറ്റയ്ക്ക് ഒരു നടപടിയും എടുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. “തനിക്ക് ഇത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല. യു.എസിലേക്ക് വൈദ്യുതി അയക്കുന്ന ഒരേയൊരു പ്രവിശ്യ ഒന്റാരിയോ അല്ല. നമുക്ക് ഒരു ‘ടീം കാനഡ’ സമീപനം ആവശ്യമാണ്. പ്രവിശ്യകൾക്കിടയിൽ ആ നീക്കത്തിന് നേതൃത്വം നൽകാൻ എനിക്ക് സന്തോഷമേയുള്ളുവെന്നും ഫോർഡ് പറഞ്ഞു.
കഴിഞ്ഞ വർഷം വ്യാപാര തർക്കം ആരംഭിച്ചപ്പോൾ ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാരിയോ 25 ശതമാനം അധിക നികുതി (Surcharge) ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. വ്യാപാര തർക്കം രൂക്ഷമായാൽ ഈ സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും നിർത്തിവെക്കാൻ മടിക്കില്ലെന്ന് ഫോർഡ് മുമ്പും മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് ഭീഷണി തുടരുകയാണെങ്കിൽ എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024-ൽ ഒന്റാരിയോ 12.8 ദശലക്ഷം MWh വൈദ്യുതിയാണ് യു.എസിലേക്ക് കയറ്റി അയച്ചത്. കാനഡയിൽ ഏറ്റവും കൂടുതൽ വൈദ്യുതി കയറ്റുമതി ചെയ്യുന്ന പ്രവിശ്യയും ഒന്റാരിയോ ആണ്. ബ്രിട്ടീഷ് കൊളംബിയ (6.3 ദശലക്ഷം MWh), മാനിറ്റോബ (6.0 ദശലക്ഷം MWh) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നേരത്തെ ഒന്റാരിയോ nurcharge ഏർപ്പെടുത്തിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി തദ്ദേശീയമായി ഉത്പാദിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത ട്രംപ്, കാനഡ ഇതിന് വലിയ സാമ്പത്തിക വില നൽകേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് അധിക നികുതി പിൻവലിച്ചത്.
യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യങ്ങളില്ല
നവംബറിൽ നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിൽ പരസ്യങ്ങൾ നൽകുന്നത് തൽക്കാലം നിർത്തിവെക്കാൻ ഒന്റാരിയോ സർക്കാർ തീരുമാനിച്ചതായി ഫോർഡ് അറിയിച്ചു. വ്യാപാര തർക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് പ്രവിശ്യ പരസ്യങ്ങൾ നിർമ്മിച്ചിരുന്നു. “പരസ്യങ്ങൾ നൽകാൻ എനിക്ക് ആഗ്രഹമുണ്ട്, എന്നാൽ ഈ തർക്കം കൂടുതൽ വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ ശാന്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഒന്നിച്ച് നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്ന് ഫോർഡ് അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു. ട്രംപും ഫോർഡും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. കനേഡിയൻ വാഹനങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഫോർഡ് നടത്തിയ പരാമർശങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഫോർഡിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപും രംഗത്തെത്തി. എന്നാൽ, പ്രതികരണങ്ങൾ അല്പം അതിരുകടന്നതായി പിന്നീട് ഫോർഡ് സമ്മതിച്ചു. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് നികുതി ചുമത്തിയതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡയും തിരിച്ചടി നൽകിയിട്ടുണ്ട്.
എണ്ണ കയറ്റുമതിയിൽ അഭിപ്രായവ്യത്യാസം തുടരുന്നു
വൈദ്യുതിക്ക് പുറമെ, യു.എസിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവെക്കാൻ അൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് ഉൾപ്പെടെയുള്ള മറ്റ് കനേഡിയൻ നേതാക്കളോട് ഫോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്മിത്ത് ഈ നിർദ്ദേശം തള്ളി. യു.എസിലേക്കുള്ള എണ്ണ വിതരണം തടയുന്നത് കാനഡക്കാർക്ക് കനത്ത തിരിച്ചടിയാകുമെന്നും അത് നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ലെന്നും സ്മിത്ത് വ്യക്തമാക്കി.
എങ്കിലും പ്രവിശ്യകൾ തമ്മിലുള്ള പൈപ്പ്ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അവർ അറിയിച്ചു. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ഉടൻ തന്നെ അൽബർട്ട സന്ദർശിച്ച് സ്മിത്തുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫോർഡ് പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





