വാഷിങ്ടൺ: കൊതുകോ മറ്റ് പ്രാണികളോ കടിച്ചാൽ ചൊറിയുന്നത് ചൊറിച്ചിലും വീക്കവും കൂടുതൽ കൂട്ടുമെന്നു പുതിയ ശാസ്ത്രീയ പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഡോ. ഡാനിയൽ കാപ്ലന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. കൊതുകുകടിച്ച ഭാഗത്ത് ചൊറിയാതെ വെറുതെ വിട്ടാൽ 5 മുതൽ 10 മിനിറ്റിനുള്ളിൽ ചൊറിച്ചിൽ താനേ കുറയും. എന്നാൽ ചൊറിയാൻ തുടങ്ങിയാൽ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ അവിടെ ഒന്നിച്ചു കൂടുകയും ചൊറിച്ചിലും വീക്കവും ദിവസങ്ങളോളം നീണ്ടുനിൽക്കാൻ കാരണമാകുകയും ചെയ്യും.
ചൊറിയുമ്പോൾ ഉണ്ടാകുന്ന ചെറിയ വേദന കാരണം ശരീരത്തിൽ ചില രാസവസ്തുക്കൾ പുറത്തുവരികയും അത് പ്രതിരോധ കോശങ്ങളെ ഉണർത്തുകയും ചെയ്യുന്നു. ഈ കോശങ്ങൾ ‘ഹിസ്റ്റമിൻ’ എന്ന രാസവസ്തു പുറത്തുവിടുന്നതാണ് ചൊറിച്ചിൽ പിന്നെയും കൂട്ടുന്നത്. ചൊറിയുമ്പോൾ ആദ്യമൊരു ആശ്വാസം തോന്നുമെങ്കിലും, പിന്നീട് ചൊറിച്ചിൽ ഇരട്ടിയാകാൻ കാരണം ഇതാണ്. അതിനാൽ ചൊറിയുന്നത് കൊണ്ട് ഗുണത്തേക്കാളേറെ ചർമ്മത്തിന് കേടുപാടുകൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു.
കൊതുകുകടിയോ അലർജിയോ മൂലം ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ചൊറിയാതെ നിൽക്കുകയാണ് ഏറ്റവും പ്രധാനം. ആശ്വാസത്തിനായി കാലമൈൻ ലോഷൻ, ഹൈഡ്രോകോർട്ടിസോൺ ക്രീം അല്ലെങ്കിൽ മെന്തോൾ അടങ്ങിയ ക്രീമുകൾ പുരട്ടാവുന്നതാണ്. അസ്വസ്ഥത കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കാം. ചൊറിയുന്നത് ചൊറിച്ചിലിന്റെ അളവ് കൂട്ടുക മാത്രമേയുള്ളൂ എന്നും ചൊറിയാതിരിക്കുകയാണ് നല്ലതെന്നും ഡെർമറ്റോളജിസ്റ്റുകൾ ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Do not scratch the area bitten by a mosquito; American university reveals scientific finding.





