തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെക്കുന്ന പുതിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇനിമുതൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ല. പകരം, അംഗീകൃത ഡിപ്ലോമ, ഐ.ടി.ഐ (ITI) കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും സർവകലാശാലകളിൽ ബിരുദ പഠനത്തിന് അപേക്ഷിക്കാം. വിദ്യാർഥികളുടെ അക്കാദമിക് വളർച്ചയ്ക്കും തൊഴിലധിഷ്ഠിത മേഖലകളിൽ നിന്നുള്ളവർക്ക് ഉന്നത പഠനത്തിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഐ.ടി.ഐ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് വിവിധ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാൻ സാധിക്കും. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ വിജയിച്ചവർക്ക് ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി (Direct Lateral Entry) പ്രവേശനം ലഭിക്കും. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കാരം തയ്യാറാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതി സമർപ്പിച്ച വിദഗ്ധ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വരുന്ന 2027-28 അക്കാദമിക് വർഷം മുതലായിരിക്കും ഈ പുതിയ രീതി പ്രാബല്യത്തിൽ വരിക. സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനം സാധ്യമല്ലെന്ന ധാരണ തിരുത്തുന്നതിനും, കൂടുതൽ യുവാക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ആകർഷിക്കുന്നതിനും ഈ തീരുമാനം ഏറെ ഉപകരിക്കും.
Plus Two Not Mandatory for Degree Admission: Kerala Govt
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




