ടെഹ്റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തു അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി. ഇറാനിലെ കോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഗായികയ്ക്കും അവരുടെ പ്രൊഡക്ഷൻ ടീമിലെ എട്ടംഗങ്ങൾക്കും ഈ കടുത്ത ശിക്ഷ നൽകിയത്. ചാട്ടവാറടിക്ക് പുറമേ ഇവർക്ക് രണ്ട് വർഷത്തേക്ക് രാജ്യം വിടുന്നതിനും യാതൊരുവിധ കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരസ്തുവിന്റെ യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്ത ഓൺലൈൻ സംഗീത പരിപാടിയിൽ അവർ ഹിജാബ് ധരിക്കാതെയാണ് പങ്കെടുത്തത്. ‘അസ് ഖോനെ ജവാനാനെ വതൻ’ എന്ന ഒരൂ ദേശീയ ഗാനം ആലപിക്കുമ്പോൾ കറുത്ത സ്ലീവ്ലെസ് വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പരസ്തുവിനെയും ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞരെയും അധികൃതർ തടങ്കലിൽ വെച്ചിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും കേസ് നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു.
സാമൂഹിക മര്യാദകൾ ലംഘിച്ചുവെന്നും, അശ്ലീലവും അധാർമ്മികവുമായ ഉള്ളടക്കം നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം, കോടതി വിധിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇറാനിലെ നിയമപ്രകാരം സ്ത്രീകൾ പാടുന്നതോ സംഗീതം നിർമ്മിക്കുന്നതോ കുറ്റകരമല്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഒരു സ്ത്രീ പാടിയതിനും ഹിജാബ് ധരിക്കാത്തതിനും ഇത്രയും കടുത്ത ശിക്ഷ നൽകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Court sentences Iranian singer to 74 lashes for not wearing hijab at online music show





