ഒന്റാരിയോ; അമേരിക്കയിൽനിന്ന് ട്രക്കുകളിൽ കാനഡയിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ആൽബർട്ട അതിർത്തിയിൽ ഉദ്യോഗസ്ഥർ പിടികൂടി. ആൽബർട്ടയിലെ കൗട്സ് അതിർത്തി വഴി കടത്താൻ ശ്രമിച്ച 475 പൗണ്ട് (215.5 കിലോഗ്രാം) മയക്കുമരുന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ട്രക്കുകളുടെ ഡ്രൈവർമാരും ഒരു യാത്രക്കാരനും ഉൾപ്പെടെ മൂന്നുപേരെ അതിർത്തിരക്ഷാ സേന അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ അവസാനത്തോടെ രണ്ട് ഘട്ടങ്ങളിലായി ഈ വൻ ലഹരിവേട്ട നടന്നത്. ജൂലൈ 26-ന് സംശയം തോന്നി തടഞ്ഞുനിർത്തിയ ആദ്യ ട്രക്കിൽ നടത്തിയ പരിശോധനയിൽ, രേഖകളിൽ കാണിച്ച സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 80 കൊക്കെയ്ൻ കട്ടകൾ കണ്ടെടുത്തു. നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 200 പൗണ്ട് (90.94 കിലോഗ്രാം) വരുന്ന മയക്കുമരുന്നാണ് ഇതിൽ നിന്ന് പിടികൂടിയത്. തുടർന്ന് ജൂലൈ 31-ന് നടന്ന് രണ്ടാമത്തെ പരിശോധനയിൽ 107 കട്ടകളിലായി സൂക്ഷിച്ചിരുന്ന 275 പൗണ്ട് (124.6 കിലോഗ്രാം) കൊക്കെയ്നുമായി മറ്റൊരു ട്രക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ലഹരിമരുന്നുകൾ രാജ്യത്തേക്ക് എത്തുന്നതും ജനങ്ങളിലേക്ക് എത്തുന്നതും തടയാൻ അതിർത്തി ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രതയുടെ തെളിവാണ് ഈ ലഹരിവേട്ടയെന്ന് സി.ബി.എസ്.എ പ്രയറി റീജിയൻ ജനറൽ ഡയറക്ടർ ജാനലി ബെൽ-ബോയ്ചുക്ക് പറഞ്ഞു. കാനഡയിലെ അതിർത്തികളിൽ ലഹരിക്കടത്ത് ശക്തമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ആൽബർട്ടയിൽ നിന്ന് 1,054 കിലോഗ്രാം കൊക്കെയ്ൻ ഉൾപ്പെടെ 1,292 അനധികൃത ലഹരി കടത്തുകളാണ് സേന തടഞ്ഞത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









