ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കസ്റ്റഡിയിൽ നിന്ന് മോചിതരായതിന് പിന്നാലെ ജന്തർമന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ പൊളിച്ചുമാറ്റിയ വേദി പുനഃസ്ഥാപിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരരംഗത്തുനിന്നും പിന്മാറില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും വേദി പൊളിച്ചുമാറ്റുകയും ചെയ്തിരുന്നെങ്കിലും രാത്രിയോടെ പ്രകടനമായി എത്തി പ്രവർത്തകർ സ്ഥലം തിരികെ പിടിക്കുകയായിരുന്നു. പുതിയ സ്റ്റേജ് കെട്ടിയും ബാനറുകൾ പുനഃസ്ഥാപിച്ചുമാണ് പ്രതിഷേധം തുടരുന്നത്. വിദ്യാർത്ഥി നേതാക്കൾ പാർലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും അറിയിച്ചിട്ടുണ്ട്.
സമരക്കാരുടെ പ്രതിനിധികൾ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് പ്രധാന ആവശ്യങ്ങളടങ്ങിയ കത്ത് കൈമാറി. ധർമ്മേന്ദ്ര പ്രധാന്റെ രാജി, സോനം വാങ്ചുക്കിന്റെ മോചനം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകൽ എന്നിവയാണ് ഉന്നയിച്ച ആവശ്യങ്ങൾ. സമരം അവസാനിപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിനിധികൾ ഉറച്ചുനിന്നു.
കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തിൽ അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരടക്കം 118 പോലീസുകാർക്കും 130 സിജെപി പ്രവർത്തകർക്കും പരുക്കേറ്റതായും 20 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതായും പോലീസ് അറിയിച്ചു. പരുക്കേറ്റവരിൽ ഗുരുതരമായി തലയ്ക്ക് പരുക്കേറ്റ 20 വയസ്സുകാരി ഉൾപ്പെടെയുള്ളവർ എംആർഎൽ ആശുപത്രിയിൽ ചികിത്സയിലാണ്.
‘We will not withdraw from the protest till our demands are accepted’; CJP says protest will continue at Jantar Mantar
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





