ഒന്റാരിയോ; ചൈനീസ് ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് കടൽമാർഗ്ഗം ദക്ഷിണ കൊറിയയിലേക്ക് രക്ഷപെട്ട പ്രമുഖ ചൈനീസ് രാഷ്ട്രീയ വിമർശകൻ ഡോങ് ഗുവാങ്പിങ് ഒടുവിൽ കാനഡയിലെത്തി. കാനഡയിൽ അഭയം തേടിയ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചേരണമെന്ന അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹം ഇതോടെ യാഥാർത്ഥ്യമായി. ദക്ഷിണ കൊറിയയിൽ തടവിലായിരുന്ന ഡോങ്, കഴിഞ്ഞ വെള്ളിയാഴ്ച എയർ കാനഡ വിമാനത്തിലാണ് ടൊറന്റോയിൽ എത്തിയത്. ഡോങ്ങിന്റെ സുഹൃത്തും കനേഡിയൻ-ചൈനീസ് ആക്ടിവിസ്റ്റുമായ ഷെങ് ഷൂവാണ് ഈ വിവരം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ മേയ് മാസത്തിലാണ് ചൈനയിൽ നിന്നും 3.3 മീറ്റർ മാത്രം നീളമുള്ള ചെറിയൊരു ഇൻഫ്ലേറ്റബിൾ റബ്ബർ ബോട്ടിൽ (ഡിംഗി) ഡോങ് ഗുവാങ്പിങ് ദക്ഷിണ കൊറിയൻ തീരത്തേക്ക് കടൽ മാർഗ്ഗം എത്തിയത്. പടിഞ്ഞാറൻ ദക്ഷിണ കൊറിയൻ ദ്വീപിന് സമീപത്തുനിന്നും ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിന് ഇദ്ദേഹത്തെ ദക്ഷിണ കൊറിയൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ, കാനഡയിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരാൻ അനുവദിക്കണമെന്ന ഒരേയൊരു ആവശ്യമാണ് ഡോങ് അധികൃതർക്ക് മുന്നിൽ ഉന്നയിച്ചത്. കാനഡയിൽ ഇദ്ദേഹത്തിന് അഭയം നൽകാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുയർന്നതോടെയാണ് കാനഡയിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുങ്ങിയത്.
ചൈനയിൽ മുൻപ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡോങ് ഗുവാങ്പിങ്, ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണിലെ കരടായത്. 2001-ൽ ‘ഭരണകൂട അധികാരത്തെ അട്ടിമറിക്കാൻ ശ്രമിച്ചു’ എന്ന കുറ്റമാരോപിച്ച് ഇദ്ദേഹത്തെ ചൈന മൂന്ന് വർഷം തടവിലിട്ടിരുന്നു. പിന്നീട് 2014-ൽ ചരിത്രപ്രസിദ്ധമായ ടിയാനൻമെൻ ചതുരത്തിലെ കൂട്ടക്കൊലയുടെ ഇരകളെ അനുസ്മരിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് എട്ട് മാസത്തിലധികം വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. തുടർന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ ഇദ്ദേഹത്തിന് വേണ്ടി രംഗത്തുവന്നിരുന്നു.
ചൈനയിൽ നിന്നുള്ള ഡോങ്ങിന്റെ നാലാമത്തെ പലായന ശ്രമമായിരുന്നു ഇത്. ഇതിന് മുൻപ് തായ്‌ലൻഡിലേക്കും വിയറ്റ്‌നാമിലേക്കും ഡോങ് രക്ഷപെട്ടിരുന്നെങ്കിലും അവിടുത്തെ പ്രാദേശിക അധികൃതർ ഇദ്ദേഹത്തെ നാടുകടത്തി വീണ്ടും ചൈനീസ് ഭരണകൂടത്തിന് തന്നെ കൈമാറുകയായിരുന്നു. തായ്‌വാൻ ദ്വീപിലേക്ക് നീന്തിക്കയറാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. ഒടുവിലാണ് ജീവൻ പണയം വെച്ച് റബ്ബർ ബോട്ടിൽ ദക്ഷിണ കൊറിയൻ തീരത്തേക്ക് ഇദ്ദേഹം എത്തിയത്. പത്ത് വർഷത്തിലേറെ നീണ്ട നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ഡോങ്ങിനെ ചൈനയുടെ പിടിയിൽ നിന്നും സുരക്ഷിതമായി കാനഡയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് സുഹൃത്ത് ഷെങ് ഷൂ കുറിച്ചു. ടൊറന്റോയിൽ എത്തിയ ഡോങ്ങിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.
Chinese political critic finally reaches Canada after risking his life to travel by rubber boat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





