മോൺസ്: പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ (NATO) പ്രധാന ഓഫീസിൽ ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ചൈനീസ് വംശജയായ കനേഡിയൻ യുവതിയെ ബൽജിയം പോലീസ് അറസ്റ്റ് ചെയ്തു. ബൽജിയത്തിലെ മോൺസ് നഗരത്തിൽ പ്രവർത്തിക്കുന്ന നാറ്റോയുടെ ‘സുപ്രീം ഹെഡ്ക്വാർട്ടേഴ്സ് അലൈഡ് പവേഴ്സ് യൂറോപ്പ്’ (SHAPE) ഓഫീസിൽ പരിശീലനാർത്ഥിയായി (ഇന്റേൺ) ജോലി ചെയ്യുകയായിരുന്ന യുവതിയെയാണ് വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ പ്രാധാന്യമുള്ള ഓഫീസിൽ നിന്ന് വിവര ചോർച്ചയുണ്ടായ സംഭവം ബൽജിയം പ്രോസിക്യൂഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മറ്റൊരു രാജ്യത്തിനുവേണ്ടി സുപ്രധാന വിവരങ്ങൾ ചോർത്തി നൽകി, കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങളിൽ പങ്കാളിയായി തുടങ്ങിയ കാര്യങ്ങളാണ് ഇവർക്കെതിരെ ആരോപിച്ചിരിക്കുന്നത്. പ്രതിയുടെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാറ്റോയുടെ സ്വന്തം സുരക്ഷാ വിഭാഗമാണ് വിവരം ബൽജിയത്തിലെ രാജ്യന്തര രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയത്. എന്നാൽ ഏത് രാജ്യത്തിനുവേണ്ടിയാണ് ഇവർ വിവരങ്ങൾ ചോർത്തിയത് എന്നതിനെക്കുറിച്ചോ, എന്തെല്ലാം വിവരങ്ങളാണ് നൽകിയതെന്നതിനെക്കുറിച്ചോ ഔദ്യോഗിക അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
പരാതി ലഭിച്ചതിനെ തുടർന്ന് കേസ് ഏറ്റെടുത്ത ഫെഡറൽ പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം ചാർലെറോയ് ലെ ഫെഡറൽ ജുഡീഷ്യൽ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് വ്യാഴാഴ്ച യുവതിയുടെ വസതിയിലും നാറ്റോയിലെ ജോലിസ്ഥലത്തും പോലീസ് സംഘം പരിശോധന നടത്തി. വെള്ളിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും തടവിലാക്കാൻ ഉത്തരവിടുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Espionage at NATO headquarters: Chinese-origin Canadian woman arrested in Belgium.






