ആങ്കറേജ്: എട്ടുപേരുമായി പോയ ചാർട്ടർ വിമാനം അലാസ്കയിലെ കേപ് ന്യൂവൻഹാമിന് സമീപം തകർന്നു വീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അലാസ്ക റീജിയൻ ചീഫ് ക്ലിന്റ് ജോൺസണാണ് അപകടവിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ നില നിലവിൽ വ്യക്തമല്ല.
രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽ നിന്ന് പറന്നുയർന്ന വിമാനം കേപ് ന്യൂവൻഹാമിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ക്ലിന്റ് ജോൺസൺ പറഞ്ഞു.
കേപ് ന്യൂവൻഹാം ലോങ് റേഞ്ച് റഡാർ സൈറ്റിന് സമീപമാണ് വിമാനാപകടം നടന്നത്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അലാസ്ക റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




