ഒട്ടാവ: കാനഡ റവന്യൂ ഏജൻസി (CRA) ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പേറോൾ ഡിഡക്ഷൻ ഫോർമുലകളും പട്ടികകളും പുറത്തിറക്കി. ഇതനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന നികുതി തുകയിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും, തന്മൂലം കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ മാറ്റം അനുഭവപ്പെടാമെന്നും അധികൃതർ അറിയിച്ചു. കാനഡയിലെ ജീവനക്കാരുടെ ഫെഡറൽ-പ്രവിശ്യാ നികുതികൾ, കാനഡ പെൻഷൻ പ്ലാൻ (CPP), എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI) എന്നിവ കൃത്യമായി കണക്കാക്കുന്നതിനായി എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ സി.ആർ.എ ഗൈഡ് പുതുക്കാറുണ്ട്. 2026 ജൂലൈയിലെ പുതുക്കലിൽ പ്രധാനമായും ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ നികുതി വർധനവാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടീഷ് കൊളംബിയയിലെ (B.C.) ഏറ്റവും കുറഞ്ഞ വ്യക്തിഗത ആദായനികുതി നിരക്ക് 5.06 ശതമാനത്തിൽ നിന്ന് 5.60 ശതമാനമായി സർക്കാർ വർധിപ്പിച്ചതാണ് പുതിയ മാറ്റത്തിന് കാരണം. ഈ വർഷം ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ആറുമാസം കുറഞ്ഞ നിരക്കിൽ നികുതി ഈടാക്കിയതിനാൽ, ബാക്കി മാസങ്ങളിൽ 6.14 ശതമാനം എന്ന ക്രമീകരിച്ച നിരക്കിലായിരിക്കും ഇവിടെ നികുതി കണക്കാക്കുക. ഇത് കാരണം ബ്രിട്ടീഷ് കൊളംബിയയിലെ ജീവനക്കാരുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിൽ നേരിയ കുറവുണ്ടായേക്കാം. അതേസമയം ഒന്റാറിയോ, ആൽബർട്ട, സസ്‌കാച്ചെവാൻ, മാനിറ്റോബ തുടങ്ങി മറ്റ് പ്രവിശ്യകളിൽ പുതിയ നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. കാനഡ പെൻഷൻ പ്ലാൻ, എംപ്ലോയ്മെന്റ് ഇൻഷുറൻസ് നിരക്കുകളിലും ജൂലൈ ഒന്നു മുതൽ മാറ്റമുണ്ടാകില്ലെന്ന് സി.ആർ.എ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ജൂലൈ മാസത്തെ ആദ്യ ശമ്പളം നൽകുന്നതിന് മുൻപായി എല്ലാ തൊഴിലുടമകളും തങ്ങളുടെ പേറോൾ സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്ന് സി.ആർ.എ നിർദേശിച്ചു. പഴയ രീതി തുടർന്നാൽ ജീവനക്കാരുടെ നികുതി കണക്കുകളിൽ പിഴവ് വരാൻ സാധ്യതയുണ്ട്. നിയമപരമായ ഈ മാറ്റങ്ങൾ കാരണം ശമ്പളത്തിൽ വ്യത്യാസമുണ്ടോ എന്ന് അറിയാൻ ജീവനക്കാർ ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പള സ്ലിപ്പുകൾ (Pay slips) താരതമ്യം ചെയ്ത് പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Changes to salary from July 1? Canada Revenue Agency introduces new payroll rules.





