ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ-സാമൂഹിക പുരോഗതി വിലയിരുത്തുന്ന ദേശീയ കുടുംബാരോഗ്യ സർവേയിൽ (NFHS) നിന്ന് അതിനിർണ്ണായക വിവരങ്ങൾ കേന്ദ്രസർക്കാർ ഒഴിവാക്കി. രാജ്യത്തിന്റെ ഭാവി നയരൂപീകരണത്തെയും ആരോഗ്യ പദ്ധതികളെയും നേരിട്ട് സ്വാധീനിക്കുന്ന ഡാറ്റകളാണ് ഇത്തരത്തിൽ വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. വിളർച്ച (അനീമിയ) ബാധിതരുടെ തോത്, പാചക വാതക ഉപയോഗം, ശൗചാലയങ്ങളുടെ പുരോഗതി തുടങ്ങിയ അടിസ്ഥാന സൂചികകളൊന്നും ഇത്തവണത്തെ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള അന്താരാഷ്ട്ര ജനസംഖ്യാപഠന കേന്ദ്രമാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
മുൻ സർവേകളിലെ കണക്കുകൾ കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ സർവേയിൽ വിളർച്ച ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ വികാസ് യോജന വഴിയുള്ള പാചകവാതക ലഭ്യതയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരവും കഴിഞ്ഞ തവണ പുറത്തുവന്നിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ സർവേയ്ക്ക് നേതൃത്വം നൽകിയ ജനസംഖ്യാ പഠനകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസിനെ കേന്ദ്രം പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിവാദങ്ങൾ മുൻകൂട്ടി ഒഴിവാക്കാനാണ് ഇത്തവണ ചോദ്യാവലിയിൽ നിന്ന് തന്നെ അനീമിയ ഉൾപ്പെടെയുള്ള വിവരങ്ങൾ ഒഴിവാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
അതേസമയം, പുറത്തുവന്ന സർവേ റിപ്പോർട്ടിൽ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി വർദ്ധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീകളിൽ 42.8 ശതമാനവും ഗ്രാമങ്ങളിൽ 25.5 ശതമാനവും പൊണ്ണത്തടിയുള്ളവരാണ്. എന്നാൽ നഗരമേഖലകളിൽ ബോഡി മാസ് ഇൻഡക്സ് (BMI) സാധാരണ അളവിലും കുറഞ്ഞ സ്ത്രീകളുടെ തോതും വർദ്ധിച്ചിട്ടുണ്ട്. ആശുപത്രികളിലെ പ്രസവ നിരക്ക് 90.6 ശതമാനമായും ഗർഭകാല ചികിത്സാ പരിചരണം 95.9 ശതമാനമായും ഉയർന്നു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ് (10%) മുന്നിൽ. പുരുഷന്മാരിൽ പുകയില ഉപയോഗം നഗരങ്ങളിൽ 26.2 ശതമാനവും ഗ്രാമങ്ങളിൽ 41.1 ശതമാനവുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Centre fails to release figures on anemia; crucial data omitted from National Family Health Survey
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




