റിഗാ: ലാത്വിയയിൽ സൈനികാഭ്യാസത്തിനിടെ കാണാതായ കനേഡിയൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 5-നാണ് വാറന്റ് ഓഫീസർ ജോർജ് ഹോഹ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. കാനഡയുടെ നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റും കനേഡിയൻ സായുധ സേനയും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഭവത്തെക്കുറിച്ച് കനേഡിയൻ മിലിട്ടറി പോലീസും ലാത്വിയൻ അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. സൈനികന്റെ മരണം ലാത്വിയയിൽ നിലവിൽ വിന്യസിക്കപ്പെട്ട മറ്റ് സൈനികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി സൂചനയില്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
408 ടാക്റ്റിക്കൽ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ വെഹിക്കിൾ ടെക്നീഷ്യനായിരുന്ന ഹോഹ്ല്, ലാത്വിയയിലെ നാറ്റോ മൾട്ടിനാഷണൽ ബ്രിഗേഡിന്റെ ഭാഗമായുള്ള ഏവിയേഷൻ ബറ്റാലിയനുമായി സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 20 വർഷമായി സൈനിക സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. ജോർജ് ഹോഹ്ലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.



