മൗണ്ട് പേൾ: സ്കൂൾ ബസ് സർവീസുകളുടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്കൂൾ സമയക്രമത്തിൽ വൻ മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം പുനഃക്രമീകരിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ഈ പരിഷ്കാരം തങ്ങളുടെ തൊഴിൽ സമയത്തെയും കുടുംബ ബഡ്ജറ്റിനെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിൽ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവിശ്യയിലെ ആയിരക്കണക്കിന് രക്ഷിതാക്കൾ.
പ്രവിശ്യയിലെ ഇംഗ്ലീഷ് സ്കൂൾ ബോർഡിന്റെ കീഴിലുള്ള 37 സ്കൂളുകളിലെ സമയക്രമമാണ് 2027 സെപ്റ്റംബർ മുതൽ മാറ്റാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ജൂൺ ആദ്യവാരം തന്നെ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറിക്കഴിഞ്ഞു. പുതിയ നിർദ്ദേശപ്രകാരം പ്രൈമറി, എലിമെന്ററി തലങ്ങളിലെ കുട്ടികളുടെ സ്കൂൾ സമയം നിലവിലുള്ളതിനേക്കാൾ നേരത്തെയാകും. അതേസമയം, മിഡിൽ സ്കൂൾ, ഹൈസ്കൂൾ ക്ലാസുകളിലെ സമയക്രമം നിലവിലുള്ളതിലും വൈകിക്കുകയും ചെയ്യും. ഒരു ബസ് ഡ്രൈവർക്ക് തന്നെ രാവിലെയും വൈകുന്നേരവും രണ്ട് സ്കൂളുകളിലെ വീതം സർവീസുകൾ നടത്താൻ (ഡബിൾ ഷിഫ്റ്റ്) സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമയമാറ്റം വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിൽ ഒരു സ്കൂളിലേക്ക് മാത്രമായി സർവീസ് നടത്തുന്ന ഒരു ബസിന് പ്രതിവർഷം ഒരു ലക്ഷം ഡോളറോളം (ഏകദേശം 83 ലക്ഷം രൂപ) ചെലവ് വരുന്നുണ്ടെന്ന് ട്രാൻസ്പോർട്ടേഷൻ മന്ത്രി ബാരി പെറ്റൻ വ്യക്തമാക്കി. സമയക്രമം മാറ്റുന്നതിലൂടെ ഇതേ തുകയ്ക്ക് ഒരു ബസ് കൊണ്ട് രണ്ട് സർവീസുകൾ നടത്താനാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ പരിഷ്കാരത്തിലൂടെ ഏകദേശം 27 ദശലക്ഷം ഡോളർ (ഏകദേശം 225 കോടി രൂപ) ലാഭിക്കാൻ സാധിക്കുമെന്നും, ഈ തുക സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുനരുപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ ചെലവുകൾക്ക് പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ലഭ്യമായ തുക വിവേകപൂർവ്വം ഉപയോഗിച്ച് മികച്ച ഫലം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ പുതിയ പരിഷ്കാരം നടപ്പിലായാൽ ചില സ്കൂളുകളിലെ ബെൽ മുഴങ്ങുന്നത് നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂർ മുമ്പായിരിക്കും. ഇത് തങ്ങളുടെ ജീവിതതാളം പൂർണ്ണമായും തെറ്റിക്കുമെന്നാണ് രക്ഷിതാക്കളുടെ പരാതി. ജീവിതച്ചെലവ് കണ്ടെത്താൻ ഒന്നിലധികം ജോലികൾ ചെയ്യുന്ന മൗണ്ട് പേളിലെ ആഞ്ചല ബെക്ക് എന്ന അമ്മ തന്റെ ഒമ്പത് വയസ്സുകാരനായ മകൻ ഏവരിയുടെ പഠനത്തെ ഇത് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നു.
ഫ്രഞ്ച് ഇമ്മേഴ്ഷൻ പ്രോഗ്രാമിലായതിനാൽ മകന് സ്കൂൾ ബസ് സൗകര്യമില്ലെന്നും, ജോലിത്തിരക്കിനിടയിലും താനാണ് അവനെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതെന്നും അവർ പറയുന്നു. സ്കൂൾ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചാൽ കുട്ടിയെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്നും, ഡേ-കെയർ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ആഞ്ചല വ്യക്തമാക്കുന്നു. കൂടാതെ, എഡിഎച്ച്ഡി (ADHD) ബാധിതനായ മകനെ രാവിലെ ഒരു മണിക്കൂർ നേരത്തെ ഉണർത്തി സ്കൂളിലേക്ക് റെഡിയാക്കുന്നത് മാനസികമായി വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും അവർ സ്കൂൾ ബോർഡിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
സമീപവാസിയായ മിഷേൽ ഗില്ലസ്പി എന്ന മറ്റൊരു അമ്മയ്ക്കും സമാനമായ പരാതിയാണുള്ളത്. വ്യത്യസ്ത രീതികളിൽ സ്കൂളിൽ പോകുന്ന മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. ഇതിൽ മൂത്തകുട്ടി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ബസിലാണ് പോകുന്നത്. നിലവിലെ സമയക്രമം കൃത്യമായി പോകുന്നതിനാൽ ഓഫീസിൽ സമയത്തിന് എത്താൻ സാധിക്കുന്നുണ്ടെന്നും, പുതിയ മാറ്റം വന്നാൽ ദിവസവും ഓഫീസിൽ വൈകിയെത്തേണ്ടി വരുമെന്നും മിഷേൽ പറയുന്നു. 2024-ൽ സ്കൂളിന്റെ ഒരു മൈൽ ചുറ്റളവിൽ താമസിക്കുന്ന കുട്ടികൾക്ക് ബസ് യാത്ര നിഷേധിച്ചിരുന്ന നിയമം സർക്കാർ ഒഴിവാക്കിയിരുന്നു. ഇത് വഴി പ്രതിവർഷം 10 ദശലക്ഷം ഡോളറിന്റെ അധികബാധ്യത സർക്കാരിനുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് പുതിയ നീക്കമെന്ന ആക്ഷേപവും ശക്തമാണ്.
സമാനമായ രീതിയിൽ കാനഡയിലെ കാൽഗറിയിലെ ഡസൻ കണക്കിന് സ്കൂളുകളിൽ ഈ അധ്യയന വർഷം സമയമാറ്റം നടപ്പിലാക്കിയിരുന്നു. ന്യൂഫൗണ്ട്‌ലാൻഡിലെ ഈ നിർദ്ദേശം നിലവിൽ അന്തിമമാക്കിയിട്ടില്ല. സമയമാറ്റം കുടുംബങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും അഭിപ്രായരൂപീകരണം നടത്താനായി ജൂൺ 14 വരെ ഫീഡ്ബാക്ക് ഫോം സമർപ്പിക്കാൻ സ്കൂൾ അധികൃതർ സമയം അനുവദിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ശക്തമായ പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ സർക്കാരിന് മേൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നാണ് സൂചന.
Canadian province to change school hours; Government says it will save crores, thousands of families worried
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










