ഓട്ടവ: കനേഡിയൻ പാരമ്പര്യ വഴിയിലൂടെയുള്ള പൗരത്വ നിയമങ്ങളിൽ (Citizenship by descent) ഇളവുകൾ വരുത്തിയതോടെ, തങ്ങൾക്ക് പൗരത്വത്തിന് അർഹതയുണ്ടോ എന്ന് പരിശോധിച്ച് അപേക്ഷ നൽകുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപേക്ഷകരുടെ വർധനവ് മുതലെടുത്ത് വേഗത്തിൽ പൗരത്വം വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുക്കുന്ന വ്യാജ ഏജൻസികളും കൺസൾട്ടന്റുമാരും സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും ഇമിഗ്രേഷൻ പ്രതിനിധിക്കോ ഏജൻസിക്കോ പണം നൽകുന്നതിന് മുൻപ് നിയമപരമായ വസ്തുതകളും തട്ടിപ്പ് ലക്ഷണങ്ങളും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഒരു അപേക്ഷകനും നൂറു ശതമാനം പൗരത്വം ഉറപ്പുനൽകാനോ പ്രോസസ്സിംഗ് സമയം കുറയ്ക്കാനോ ഒരു ഇമിഗ്രേഷൻ ഏജന്റിനും സാധിക്കില്ലെന്ന് സിഐസി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമർപ്പിക്കുന്ന തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കുന്നത് കനേഡിയൻ സിറ്റിസൺഷിപ്പ് ഓഫീസറാണ്. നിലവിൽ പ്രൂഫ് ഓഫ് സിറ്റിസൺഷിപ്പ് ലഭിക്കാനുള്ള ശരാശരി കാത്തിരിപ്പ് സമയം 33 മാസത്തോളമാണ്. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ മാത്രമാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇവ പരിശോധിക്കുന്നത്. അതിനാൽ തന്നെ അടിയന്തര പ്രോസസ്സിംഗ് വാഗ്ദാനം ചെയ്തോ, അപേക്ഷ മുൻഗണനാക്രമത്തിൽ മുന്നിലെത്തിക്കാമെന്ന് പറഞ്ഞോ വരുന്ന അവകാശവാദങ്ങൾ തികച്ചും വ്യാജമാണ്.
അപേക്ഷയ്ക്കായി രേഖകൾ ശേഖരിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ജിനിയോളജി വെബ്‌സൈറ്റുകളിൽ നിന്നുള്ള ഫാമിലി ട്രീ പ്രിന്റൗട്ടുകൾ മാത്രം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകും. പ്രാദേശിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫൈഡ് സിവിൽ രജിസ്ട്രി രേഖകൾ തന്നെ സമർപ്പിക്കണമെന്ന് IRCC നിർബന്ധമാക്കുന്നുണ്ട്. കൂടാതെ, കാനഡയിൽ പണം ഈടാക്കി ഇമിഗ്രേഷൻ ഉപദേശങ്ങൾ നൽകാൻ പ്രൊവിൻഷ്യൽ ലോ സൊസൈറ്റിയിലെ അംഗങ്ങളായ അഭിഭാഷകർ, ക്യുബെക് നോട്ടറി, അല്ലെങ്കിൽ കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ് (CICC) ലൈസൻസുള്ള കൺസൾട്ടന്റുമാർ എന്നിവർക്ക് മാത്രമേ നിയമാനുസൃതമായി അവകാശമുള്ളൂ. പണം നൽകുന്നതിന് മുൻപ് കാനഡ സർക്കാരിന്റെ ഔദ്യോഗിക രജിസ്റ്റർ വഴി ഏജന്റിന്റെ ലൈസൻസ് നമ്പർ അപേക്ഷകർക്ക് പരിശോധിക്കാവുന്നതാണ്.
അപേക്ഷാ ഫോമിൽ ഏജന്റിന്റെ പേര് ചേർക്കാൻ മടിക്കുന്നതും, ജനനത്തീയതിയിലോ കുടുംബ ചരിത്രത്തിലോ മാറ്റം വരുത്താൻ നിർദ്ദേശിക്കുന്നതും പ്രധാന തട്ടിപ്പ് ലക്ഷണങ്ങളാണ്. ഇത്തരം കൃത്രിമത്വങ്ങൾ (Misrepresentation) കാണിച്ചാൽ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുകയും അപേക്ഷകന് ഭാവിയിൽ വിലക്ക് നേരിടേണ്ടി വരികയും ചെയ്യും. ലൈസൻസില്ലാതെ പണം വാങ്ങി സേവനം നൽകുന്നത് കാനഡയിൽ 2 ലക്ഷം ഡോളർ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. IRCC സൗജന്യമായി നൽകുന്ന അപേക്ഷാ ഫോമുകൾക്ക് പണം ഈടാക്കുന്നതും, സോഷ്യൽ മീഡിയ വഴി വൻ ഓഫറുകൾ നൽകി ബന്ധപ്പെടുന്നതും തട്ടിപ്പിന്റെ ഭാഗമാണ്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
ഏതെങ്കിലും രീതിയിൽ തട്ടിപ്പിനിരയായാൽ CICC, പ്രൊവിൻഷ്യൽ ലോ സൊസൈറ്റി അല്ലെങ്കിൽ കനേഡിയൻ ആന്റി-ഫ്രോഡ് സെന്റർ എന്നിവരിൽ പരാതി നൽകാം. ലൈസൻസുള്ള ഒരു കൺസൾട്ടന്റിൽ നിന്നാണ് തട്ടിപ്പ് നേരിട്ടതെങ്കിൽ, സാമ്പത്തിക നഷ്ടം വീണ്ടെടുക്കാൻ പ്രാബല്യത്തിലുള്ള പ്രത്യേക കോമ്പൻസേഷൻ ഫണ്ട് വഴി അപേക്ഷിക്കാനും അർഹതയുണ്ടായിരിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









