ഒട്ടാവ: കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ തൊഴിലുടമകൾ നടത്തുന്ന നിയമലംഘനങ്ങൾ വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ ചുമത്തുന്ന പിഴത്തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി ഉയർന്നു. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ പത്തര മില്യൺ ഡോളറിലധികം തുകയാണ് പിഴയായി ഈടാക്കിയത്. മുൻവർഷം ഇത് നാലര മില്യൺ ഡോളർ മാത്രമായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ ആയിരത്തി നാനൂറ്റി എൺപത്തിയെട്ട് തൊഴിലുടമകളിൽ പരിശോധന നടത്തി. ഇതിൽ പന്ത്രണ്ട് ശതമാനം തൊഴിലുടമകളും നിയമലംഘനം നടത്തിയതായി കണ്ടെത്തി. നിയമങ്ങൾ പാലിക്കാത്ത മുപ്പത് തൊഴിലുടമകളെ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ നിന്ന് വിലക്കി. തൊഴിലാളികൾക്ക് അർഹമായ വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുക, തെറ്റായ തൊഴിൽ വിവരങ്ങൾ നൽകുക, തൊഴിലാളികളെ ചൂഷണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. മാനിറ്റോബ, ക്യുബെക്ക്, നോവ സ്കോഷ്യ തുടങ്ങിയ പ്രവിശ്യകളിൽ നിന്നുള്ള ഗുരുതരമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പുകൾ തടയുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വേതനം ലഭിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്ന തൊഴിലുടമകൾ എട്ടു ആഴ്ചയെങ്കിലും തൊഴിൽ പരസ്യം നൽകണമെന്ന് നിർബന്ധമാക്കി. കനേഡിയൻ യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങൾ തൊഴിലുടമകൾ തെളിയിക്കുകയും വേണം. ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള നഗരങ്ങളിൽ ലോ-വേജ് എൽ.എം.ഐ.എ അപേക്ഷകൾ പരിഗണിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു.
എൽ.എം.ഐ.എ ലഭിക്കുന്നതിനായി തൊഴിലുടമകൾക്കോ ഏജന്റുമാർക്കോ പണം നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പണം നൽകാൻ ആവശ്യപ്പെടുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കാൻ സർവീസ് കാനഡയുടെ രഹസ്യ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാവുന്നതാണ്. ചൂഷണത്തിനിരയാകുന്ന തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയെ മാറ്റി മറ്റൊരു ജോലിയിലേക്ക് മാറാൻ സഹായിക്കുന്ന ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാനുള്ള അവകാശമുണ്ട്. 2026-ൽ ലക്ഷക്കണക്കിന് താൽക്കാലിക താമസ രേഖകൾ കാലാവധി കഴിയുന്ന സാഹചര്യത്തിൽ, എൽ.എം.ഐ.എ അധിഷ്ഠിത തൊഴിൽ പെർമിറ്റുകൾക്കായുള്ള മത്സരം വർധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനായി സർക്കാർ പരിശോധനകൾ വരും മാസങ്ങളിലും കർശനമായി തുടരും.
Canada’s Foreign Worker Program Violations Rise As Penalties More Than Double
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






