ഓട്ടവ: 2026-27 ശൈത്യകാലത്ത് കാനഡയുടെ തെക്കൻ മേഖലകളിൽ സാധാരണയേക്കാൾ കുറഞ്ഞ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. അതേസമയം, അമേരിക്കയുടെ പടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ മേഖലകളിൽ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. നവംബർ 19-ന് പുറത്തുവിട്ട പുതിയ സീസണൽ കാലാവസ്ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആറ് വ്യത്യസ്ത കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവചന മാതൃകകൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.
ശക്തമായ എൽ നിനോ പ്രതിഭാസമാണ് ഈ ശൈത്യകാലത്തെ കാലാവസ്ഥാ രീതികളെ പ്രധാനമായും സ്വാധീനിക്കുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ്. ഇത് വായുപ്രവാഹത്തിലും താപനിലയിലും മാറ്റങ്ങളുണ്ടാക്കുകയും വിവിധ പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് അമേരിക്കയുടെ തെക്കൻ മേഖലകളിൽ കൂടുതൽ ഈർപ്പവും തണുത്ത കാലാവസ്ഥയും ഉണ്ടാകാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, തെക്കൻ ക്യുബെക്ക് എന്നിവിടങ്ങളിൽ നവംബറിലെ പുതിയ പ്രവചനപ്രകാരം മഞ്ഞുവീഴ്ചയിൽ ചെറിയ വർധനവ് കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ഏകദേശം ആറ് സെന്റിമീറ്ററും ഒന്റാരിയോയിൽ മൂന്ന് സെന്റിമീറ്ററും മഞ്ഞ് കൂടുതലായി പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുകൊണ്ട് ശൈത്യകാലം മുഴുവൻ കാനഡയിൽ നല്ല മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് അർത്ഥമില്ല. തെക്കൻ കാനഡയുടെ മിക്ക ഭാഗങ്ങളിലും ഈ സീസണിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവ് മഞ്ഞ് മാത്രമേ ലഭിക്കൂ എന്നാണ് ഇപ്പോഴും പ്രവചിക്കുന്നത്. എങ്കിലും വടക്കൻ ക്യുബെക്കിലും ഹഡ്സൺ ബേ മേഖലയിലും കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
കാനഡയിലെ വലിയ സ്കീ കേന്ദ്രങ്ങളിലും ഈ തവണ മഞ്ഞ് കുറയാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഭാഗത്തുള്ള റെവെൽസ്റ്റോക്ക്, മാർമോട്ട് ബേസിൻ എന്നിവിടങ്ങളിൽ സാധാരണ കിട്ടുന്നതിനേക്കാൾ 60 മുതൽ 67 സെന്റിമീറ്റർ വരെ മഞ്ഞ് കുറയാമെന്നാണ് പറയുന്നത്. വിസ്ലർ, ബാൻഫ്, ഫെർണി എന്നിവിടങ്ങളിൽ 41 മുതൽ 47 സെന്റിമീറ്റർ വരെയും, ന്യൂഫൗണ്ട്ലാൻഡിലെ മാർബിൾ മൗണ്ടനിൽ ഏകദേശം 68 സെന്റിമീറ്ററും മഞ്ഞ് കുറയാൻ ഇടയുണ്ട്.
അമേരിക്കയിൽ കാലിഫോർണിയ, നെവാഡ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യ സമതലങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളത്. ജനുവരി മാസത്തിലായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞ് വീഴുക. രാജ്യത്തിന്റെ പകുതിയിലധികം സ്ഥലങ്ങളിലും സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ മഞ്ഞ് ലഭിക്കാമെന്നാണ് ആറ് കാലാവസ്ഥാ റിപ്പോർട്ടുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പസഫിക് വടക്കുപടിഞ്ഞാറൻ മേഖല, വടക്കൻ റോക്കീസ്, ഗ്രേറ്റ് ലേക്ക്സ് എന്നിവിടങ്ങളിൽ മഞ്ഞ് കുറയാൻ ഇടയുണ്ട്.
ക്രിസ്മസ് ആഴ്ചയിലും കാനഡയുടെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴാൻ നല്ല സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. ഡിസംബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ബ്രിട്ടീഷ് കൊളംബിയ, കിഴക്കൻ കാനഡ, റോക്കീസ്, ഗ്രേറ്റ് ലേക്ക്സ് എന്നിവിടങ്ങളിൽ പുതിയ മഞ്ഞ് വീഴാൻ 70 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിനർത്ഥം ഏതെങ്കിലും ഒരു പ്രത്യേക നഗരത്തിൽ ക്രിസ്മസിന് മഞ്ഞുണ്ടാകുമെന്ന് ഉറപ്പായും പ്രവചിക്കുന്നു എന്നല്ല. ആ സമയത്ത് സാധാരണയായി മഞ്ഞ് വീഴാറുള്ള സ്ഥലങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയും നോക്കിയുള്ള ഒരു പ്രാഥമിക സൂചന മാത്രമാണിത്.
Also Read: കാനഡയിലെ വേതന നിരക്കുകൾ പുതുക്കി; 515 ജോലികളിൽ 416 എണ്ണത്തിനും വർധന
അതേസമയം, ജനുവരി പകുതിയോടെ ‘പോളാർ വോർട്ടക്സ്’ എന്ന അന്തരീക്ഷ പ്രതിഭാസത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും ഈ ശൈത്യകാലത്തെ കാലാവസ്ഥയെ ബാധിച്ചേക്കാം. ധ്രുവപ്രദേശങ്ങളിലുള്ള അതിശൈത്യമുള്ള വായു തെക്കൻ ഭാഗങ്ങളിലേക്ക് ഇറങ്ങി വരാൻ സാഹചര്യമുണ്ടായാൽ, അമേരിക്കയുടെ മധ്യ-കിഴക്കൻ ഭാഗങ്ങളിലും തെക്കുകിഴക്കൻ കാനഡയിലും മഞ്ഞുവീഴ്ച കൂടാൻ ഇടയുണ്ട്. എന്നാൽ ഇതൊരു സാധ്യത മാത്രമാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് ഈ പ്രവചനങ്ങളും മാറാൻ സാധ്യതയുള്ളതിനാൽ വരും ആഴ്ചകളിലെ പുതിയ റിപ്പോർട്ടുകൾ പ്രധാനമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





