ഓട്ടവ: കാനഡയിൽ വാടകക്കാരെ ഉപദ്രവിച്ചെന്ന പേരിൽ ഇന്ത്യൻ വംശജയായ വീട്ടുടമയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പുതിയ വഴിത്തിരിവ്. വാടകക്കാർ വീടിന് പുറത്ത് മാംസം പാകം ചെയ്തപ്പോൾ ഇന്ത്യൻ വംശജയായ വീട്ടുടമ എതിർത്തെന്നും ഇതാണ് കൈയാങ്കളിയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ തർക്കത്തിന് പിന്നിൽ വർഗീയമോ മതപരമോ ആയ കാരണങ്ങളോ ബീഫ് പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഇല്ലെന്ന് കനേഡിയൻ പോലീസിനെ ഉദ്ധരിച്ച് പ്രമുഖ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമായ ബൂംലൈവ് റിപ്പോർട്ട് ചെയ്തു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവുമായി വീട്ടുടമയായ രാജ് രംഗത്തെത്തി. മാസങ്ങളായി തുടരുന്ന വാടകത്തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. വാടകക്കാർ മാസങ്ങളായി വാടക നൽകാതിരിക്കുകയും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി രാജ് ആരോപിക്കുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങൾ പത്തുദിവസത്തിലേറെ പഴക്കമുള്ളതാണെന്നും, കൃത്യമായ നിയമനടപടികൾക്കൊടുവിൽ വാടകക്കാരെ ഒഴിപ്പിച്ചതിന് ശേഷമാണ് പ്രതികാരബുദ്ധിയോടെ ഈ വീഡിയോകൾ പ്രചരിപ്പിച്ചതെന്നും ഇവർ പറയുന്നു.
വാടകക്കാരുമായുള്ള തർക്കത്തെത്തുടർന്ന് താൻ ടെനൻസി ബോർഡിനെ സമീപിച്ചിരുന്നുവെന്നും തുടർന്ന് ബോർഡ് ഇടപെട്ടാണ് കഴിഞ്ഞയാഴ്ച ഇവരെ വീട്ടിൽനിന്ന് പൂർണമായി ഒഴിപ്പിച്ചതെന്നും വീട്ടുടമ ചൂണ്ടിക്കാട്ടി. സംഭവദിവസം പോലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബോധ്യപ്പെട്ടതോടെ ഉടൻതന്നെ വിട്ടയച്ചതായി അവർ വ്യക്തമാക്കി. തന്നെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും വാടകക്കാർ ബോധപൂർവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
നിലവിൽ പോലീസും നിയമോപദേശകരും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും രാജ് അറിയിച്ചു. കഴിഞ്ഞ നാലുവർഷമായി തനിക്ക് പിന്തുണ നൽകുന്ന നിരവധി വ്യക്തികളും ഉപഭോക്താക്കളും ഈ പ്രതിസന്ധി ഘട്ടത്തിലും വീട്ടിലെത്തി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സഹായം നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ, കാനഡയിലെ ഇന്ത്യൻ വംശജയെ ലക്ഷ്യമിട്ട് വർഗീയ നിറം നൽകി പ്രചരിപ്പിച്ച പ്രചാരണങ്ങളുടെ യഥാർത്ഥ വസ്തുത വെളിച്ചത്തുവന്നിരിക്കുകയാണ്.
Canada Viral Video Controversy: Beef Wasn’t the Cause, Police Say
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









