ഓട്ടവ : കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തതോടെ രാജ്യത്തെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പിന്തുണയേറുന്നു. വിലക്കയറ്റവും പുതിയ താരിഫുകളും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, കഴിയുന്നതും നാട്ടിലെ ഉൽപ്പന്നങ്ങളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തിരഞ്ഞെടുക്കാനാണ് ടൊറന്റോ നിവാസികളുടെ തീരുമാനം. കാനഡയിൽ അമേരിക്കൻ ചരക്കുകൾക്ക് പുതിയ താരിഫ് നടപ്പിലാക്കിയതിനെത്തുടർന്ന് രാജ്യം തിരിച്ചടി താരിഫുകളും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉപഭോക്താക്കൾക്കിടയിൽ സ്വദേശി ഉൽപ്പന്നങ്ങളോടുള്ള താൽപര്യം വർധിച്ചത്. പലചരക്കുസാധനങ്ങൾ വാങ്ങുമ്പോൾ അമേരിക്കൻ ബ്രാൻഡുകൾ ഒഴിവാക്കി കനേഡിയൻ ബ്രാൻഡുകളിലേക്ക് മാറിയതായി ടൊറന്റോയിലെ ജോഷ് ബലോൺ പറയുന്നു.
ഉപഭോക്താക്കളുടെ ഈ മാറ്റം ചില്ലറ വ്യാപാര മേഖലയിൽ പ്രകടമാണെന്ന് റീട്ടെയിൽ വിശകലന വിദഗ്ധൻ ബ്രൂസ് വിൻഡർ വ്യക്തമാക്കി. ചില വൻകിട ശൃംഖലകൾ ഉൽപ്പന്ന ലേബലുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കനേഡിയൻ ഉൽപ്പന്നങ്ങളെ തിരിച്ചറിയാൻ മേപ്പിൾ ലീഫ് ചിഹ്നവും താരിഫ് ബാധകമായവയ്ക്ക് ‘ടി’ ലേബലുകളും സൂപ്പർമാർക്കറ്റുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
കനേഡിയൻ ചില്ലറ വ്യാപാരികളെയും പ്രാദേശിക കച്ചവടക്കാരെയും സഹായിക്കാൻ ആളുകൾ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ബ്രൂസ് വിൻഡർ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര ബ്രാൻഡുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ‘MadeInCanada.dev’ എന്ന വെബ്‌സൈറ്റിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.
എല്ലാവർക്കും പൂർണ്ണമായി പ്രാദേശിക ഉൽപ്പന്നങ്ങൾ മാത്രം വാങ്ങി ജീവിക്കാൻ കഴിഞ്ഞെന്നുവരില്ലെങ്കിലും, തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കഴിയുന്നത്ര സ്വദേശി ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കാനാണ് ഉപഭോക്താക്കളുടെ ശ്രമം. ആഗോളവൽക്കരണ കാലത്ത് നൂറുശതമാനം കനേഡിയൻ ഉൽപ്പന്നങ്ങൾ കണ്ടെത്തുക എളുപ്പമല്ലെങ്കിലും, പരമാവധി പ്രാദേശിക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





