ഓട്ടവ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകളിലെ സാമ്പത്തിക പരിശോധന നിയമങ്ങൾ കാനഡ കൂടുതൽ കർശനമാക്കി. കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് അപേക്ഷകരുടെ സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും ഇനിമുതൽ സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കാലയളവിൽ പൂർണ്ണമായും സ്വന്തം ചെലവിൽ കഴിയാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ വിസ അനുവദിക്കൂ എന്ന് ഉറപ്പാക്കാനാണ് ഈ പുതിയ നടപടി.

പുതിയ നിർദ്ദേശപ്രകാരം ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുടെ കാര്യത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് കഴിഞ്ഞ നാല് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മതിയായിരുന്നിടത്ത്, ഇനി മുതൽ അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പത്തെ മാസം വരെയുള്ള കുറഞ്ഞത് ആറ് മാസത്തെ സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. കൂടാതെ അപേക്ഷകരുടെയും കുടുംബത്തിന്റെയും സാമ്പത്തിക, തൊഴിൽ രേഖകൾ വിശദമായി പരിശോധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. സാമ്പത്തിക തെളിവുകളായി പെൻഷൻ വരുമാനവും വാടക വരുമാനവും ഇനി കാണിക്കാമെങ്കിലും, മുൻപ് അനുവദിച്ചിരുന്ന ‘ബാങ്ക് ഡ്രാഫ്റ്റുകൾ’ പട്ടികയിൽ നിന്ന് ഒഴിവാക്കി. സ്റ്റഡി പെർമിറ്റ് പുതുക്കുന്നവരും തൊട്ടടുത്ത ഒരു വർഷത്തെ ചെലവിനുള്ള ഫണ്ട് വ്യക്തമായി കാണിക്കേണ്ടതുണ്ട്.
പരിശോധനകൾ കടുപ്പിച്ചെങ്കിലും അപേക്ഷകർ കാണിക്കേണ്ട അടിസ്ഥാന സാമ്പത്തിക തുകയിൽ മാറ്റം വരുത്തിയിട്ടില്ല. ട്യൂഷൻ ഫീസിനും യാത്രച്ചെലവിനും പുറമേ, അപേക്ഷകന്റെ ജീവിതച്ചെലവിനായുള്ള തുക ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ടതുണ്ട്. ക്യുബെക്കിന് പുറത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന തനിച്ച് അപേക്ഷിക്കുന്ന വ്യക്തി കാണിക്കേണ്ട തുക നിലവിൽ 22,895 കനേഡിയൻ ഡോളറാണ്.
വ്യാജ അപേക്ഷകളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ഈ പുതിയ നീക്കം. 2023-24 കാലഘട്ടത്തിൽ ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾ നിയമലംഘനം നടത്തിയതായി കാനഡ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇമിഗ്രേഷൻ നിയമങ്ങളും ഭാഷാ പരിശോധനകളും കർശനമാക്കിയതോടെ, 2024-നെ അപേക്ഷിച്ച് 2026-ൽ കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Canada tightens financial checks for study permits
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





