ഓട്ടവ: കാനഡയിൽ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) വഴി വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) പ്രോസസിങ് സമയത്തിൽ വലിയ വർധനവ്. എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ (ESDC) പ്രസിദ്ധീകരിച്ച 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം മിക്ക വിഭാഗങ്ങളിലും കാത്തിരിപ്പ് കാലാവധി മാസങ്ങളോളം നീണ്ടു.
ഇതിൽ പെർമനന്റ് റെസിഡന്റ് സ്ട്രീമിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഈ വിഭാഗത്തിൽ കാത്തിരിപ്പ് സമയം 70 ദിവസം വർധിച്ച് 156 ദിവസമായി ഉയർന്നു. കുറഞ്ഞ ശമ്പള വിഭാഗമായ ലോ-വേജ് സ്ട്രീമിൽ പ്രോസസിങ് സമയം 82 ദിവസമായി വർധിച്ചപ്പോൾ, ഉയർന്ന ശമ്പള വിഭാഗത്തിൽ (ഹൈ-വേജ് സ്ട്രീം) ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 90 ദിവസത്തിലെത്തി. കാർഷിക മേഖലയിലെ അഗ്രികൾച്ചറൽ സ്ട്രീമിൽ പ്രോസസിങ് സമയം 25 ദിവസമായി ഉയർന്നപ്പോൾ, സീസണൽ അഗ്രികൾച്ചറൽ വർക്കർ പ്രോഗ്രാമിൽ മാത്രം കാത്തിരിപ്പ് സമയം രണ്ടു ദിവസം കുറഞ്ഞ് 6 ദിവസമായി ആശ്വാസം നൽകി. അതേസമയം, വിദഗ്ധ തൊഴിലാളികൾക്കായുള്ള ഗ്ലോബൽ ടാലന്റ് സ്ട്രീം 10 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുന്ന പതിവ് രീതി തുടർന്നു.
നിയമപ്രകാരം ESDC നൽകുന്ന അംഗീകൃത LMIA ലഭിച്ച ശേഷം വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ 6 മാസത്തെ സാവകാശമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ LMIA തീരുമാനത്തിന് കാത്തുനിൽക്കാതെ തന്നെ concurrent processing വഴി വർക്ക് പെർമിറ്റിന് അപേക്ഷിക്കാനും സൗകര്യമുണ്ട്. നിലവിൽ കാനഡ ജോബ് ബാങ്കിൽ 5,600-ലധികം LMIA ബന്ധിത ഒഴിവുകൾ ലഭ്യമാണ്.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം 2027-ഓടെ ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാനഡ വിദേശ തൊഴിലാളികളുടെ ക്വാട്ട ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. TFWP വഴി 2025-ൽ 82,000 പേർക്ക് പ്രവേശനം നൽകിയ സ്ഥാനത്ത് 2026-ൽ ഇത് 60,000 ആയി കുറച്ചു. കൂടാതെ, LMIA ഇളവുകളുള്ള ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിലെ (IMP) പ്രവേശന ലക്ഷ്യം 285,750-ൽ നിന്ന് 170,000 ആയും ചുരുക്കി. വരും മാസങ്ങളിൽ അപേക്ഷകളുടെ എണ്ണം കുറയുന്നത് LMIA പ്രോസസിങ് വേഗത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









