ഓട്ടവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത തിരിച്ചടി താരിഫ് (Counter-tariff) ചുമത്തി വ്യാപാര യുദ്ധത്തിൽ പ്രതിരോധം ശക്തമാക്കാൻ കാനഡ. 50 ശതമാനം ഉയർന്ന താരിഫ് ചുമത്തിയ യുഎസ് നടപടിക്ക് മറുപടിയായി 28 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി താരിഫ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി ഫ്രാൻസിസ് ഫിലിപ്പ് ഷാംപെയ്ൻ പ്രഖ്യാപിച്ചു. ലേബർ ഡേയ്ക്കു ശേഷം പ്രാബല്യത്തിൽ വരുന്ന ഈ നടപടിയിലൂടെ പ്രതിമാസം ഒരു ബില്യൺ ഡോളറോളം നികുതി വരുമാനം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
അമേരിക്കൻ സാമ്പത്തിക മേഖല കാനഡയേക്കാൾ 12 ഇരട്ടി വലുതായതിനാൽ ഒരേസമയം യുഎസിലെ രാഷ്ട്രീയ-വ്യാപാര കേന്ദ്രങ്ങളെ സമ്മർദ്ദത്തിലാക്കാനും അതേസമയം സ്വന്തം രാജ്യത്തെ ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും ആഘാതം കുറയ്ക്കാനുമുള്ള തന്ത്രപരമായ നീക്കമാണ് കാനഡ നടത്തുന്നത്. 2026-ൽ നടക്കാനിരിക്കുന്ന യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുള്ള സ്വീങ് സ്റ്റേറ്റുകളെയാണ് കാനഡ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മിഷിഗൺ, മെയ്ൻ തുടങ്ങിയ സ്റ്റേറ്റുകളിൽ നിന്നുള്ള സമുദ്രവിഭവങ്ങൾ, ലോഹങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് വലിയ നികുതി ചുമത്തും.
തങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിൽ വലിയൊരു പങ്കും കാനഡയിലേക്ക് പോകുന്നതിനാൽ ഈ പ്രതിസന്ധി യുഎസ് ജനപ്രതിനിധികളെയും പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും സമ്മർദ്ദത്തിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മിഷിഗണിന്റെ ആകെ കയറ്റുമതിയുടെ 40 ശതമാനത്തോളം കാനഡയിലേക്കാണ്. കാനഡയുടെ തിരിച്ചടി താരിഫ് ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ ചലനമുണ്ടാക്കും. 2018-ൽ നടത്തിയ വ്യാപാര യുദ്ധത്തിന് സമാനമായ രീതിയിലാണ് ഇത്തവണയും യുഎസ് സെനറ്റ് പിടിച്ചെടുക്കാൻ പോരാടുന്ന സംസ്ഥാനങ്ങളിലെ ഉൽപ്പന്നങ്ങളെ കാനഡ ലക്ഷ്യമിട്ടിരിക്കുന്നത്.
അതേസമയം, തിരിച്ചടി താരിഫിലൂടെ സ്വന്തം രാജ്യത്തെ വ്യവസായികൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയുണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. കാനഡയിൽ പകരമായി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ലോഹ ഉൽപ്പന്നങ്ങൾക്കാണ് നിയന്ത്രണങ്ങളിൽ പകുതിയോളവും ഏർപ്പെടുത്തിയിരിക്കുന്നത്. തിരിച്ചടി താരിഫിലൂടെ സമാഹരിക്കുന്ന തുക വ്യാപാര യുദ്ധത്തിൽ പ്രതിസന്ധിയിലാകുന്ന കനേഡിയൻ തൊഴിലാളികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സഹായധനമായി നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Also Read : https://canadavarthakal.ca/social-media-addiction-in-children/
സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ട് യുഎസ് മാധ്യമങ്ങളിലൂടെ സ്വാധീനം ചെലുത്താനും കാനഡ ശ്രമിക്കുന്നുണ്ട്. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അടക്കമുള്ള നേതാക്കൾ പ്രമുഖ അമേരിക്കൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് കാനഡയുടെ നിലപാടുകൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ കാനഡയുടെ തിരിച്ചടി താരിഫ് അതേപടി അംഗീകരിച്ച് കൈകെട്ടിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം കൂടുതൽ സങ്കീർണ്ണമായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ വഷളായേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





