ഒട്ടാവ: കാനഡയെ ആഗോള ഊർജ്ജ വൻശക്തിയാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കങ്ങൾക്കിടെ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി മാർക്ക് കാർണി. മുൻ സർക്കാരിന്റെ കണക്കുകൂട്ടലുകളെക്കാൾ ഉയർന്ന തോതിലായിരിക്കും വരും വർഷങ്ങളിൽ രാജ്യത്തെ ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് അദ്ദേഹം ആദ്യമായി സമ്മതിച്ചു. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട 17 മിനിറ്റ് ദൈർഘ്യമുള്ള ‘ഫോർവേഡ് ഗൈഡൻസ്’ വീഡിയോ സന്ദേശത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഈ തുറന്നുപറച്ചിൽ. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലാവസ്ഥാ വ്യതിയാന നയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ഒട്ടും പ്രായോഗികമല്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അത് കനത്ത ബാധ്യതയാണെന്നും കാർണി വ്യക്തമാക്കി.
മുൻ ലിബറൽ സർക്കാരിന്റെ നയങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മാർക്ക് കാർണിയുടെ പുതിയ നീക്കം. 2015-ൽ അധികാരത്തിലേറുമ്പോൾ, 2030ഓടെ കാർബൺ പുറന്തള്ളൽ 30 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ വാഗ്ദാനം. എന്നാൽ, മാറിവരുന്ന ആഗോള സാഹചര്യങ്ങളിൽ ഇത്തരം മുൻവിധികൾക്ക് പ്രസക്തിയില്ലെന്ന് കാർണി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള തുറന്ന അവസരമായിരുന്നു പഴയ പരിസ്ഥിതി നയമെന്നും, ജനങ്ങളിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന ഇത്തരം പദ്ധതികൾ കാനഡയുടെ ആഭ്യന്തര സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റയുടൻ തന്നെ ഉപഭോക്തൃ കാർബൺ നികുതി റദ്ദാക്കിയും, ഇലക്ട്രിക് വാഹന നിർബന്ധമാക്കൽ പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചും കാർണി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ആൽബർട്ട പ്രവിശ്യയിൽ വരാനിരിക്കുന്ന നിർണ്ണായക റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ കാനഡയുടെ ഐക്യം നിലനിർത്താൻ ഊർജ്ജ മേഖലയെയാണ് പ്രധാനമന്ത്രി ആയുധമാക്കുന്നത്. കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന പരമ്പരാഗത ഇന്ധനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര വളർച്ചയ്ക്ക് ഉപയോഗിക്കണമെന്നാണ് കാർണിയുടെ പക്ഷം. കഴിഞ്ഞ വർഷം പ്രവർത്തനക്ഷമമായ ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ വഴി ഏഷ്യൻ വിപണികളിലേക്ക് കാനഡയ്ക്ക് പുതിയ വഴി തുറന്നിട്ടുണ്ട്. ഇതിനുപുറമേ, ആൽബർട്ടയുമായി ചേർന്ന് രണ്ടാമതൊരു പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ 2025 നവംബറിൽ സർക്കാർ ഒപ്പുവെച്ചിരുന്നു. ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിപണിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, കാനഡയുടെ പുതിയ ഊർജ്ജ തന്ത്രത്തെ ഈ മാസം ഫ്രാൻസിൽ ചേർന്ന ജി7 ഉച്ചകോടിയും പൂർണ്ണമായി പിന്തുണച്ചിട്ടുണ്ട്.
പരിസ്ഥിതി മലിനീകരണം കാലക്രമേണ കുറച്ചുകൊണ്ടുവരുമെന്ന് വ്യക്തമാക്കുമ്പോഴും അതിനായി കൃത്യമായ ഒരു സമയപരിധി നിശ്ചയിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. നിലവിൽ ലോകത്ത് അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിച്ച രാജ്യം കാനഡയാണ്. പരമ്പരാഗത ഇന്ധന ഉൽപ്പാദനത്തിനൊപ്പം തന്നെ രാജ്യത്തിന്റെ വൈദ്യുതി ശൃംഖല 2050ഓടെ ഇരട്ടിയാക്കാനുള്ള ദേശീയ പദ്ധതിയും കാർണി മുന്നോട്ടുവെക്കുന്നു. മുൻകാല നേതാവായിരുന്ന സർ ആഡം ബെക്കിന്റെ ജലവൈദ്യുത വിപ്ലവത്തെ മാതൃകയാക്കി, വരുംതലമുറയ്ക്കായി ശുദ്ധവും വിലകുറഞ്ഞതുമായ ഊർജ്ജം അതിവേഗത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും കാനഡയെ കൂടുതൽ ശക്തമായ രാജ്യമായി മാറ്റുമെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ കാനഡയുടെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനങ്ങൾ.
Canada rejects Trudeau's environmental policy; PM Mark Carney says carbon emissions will increase in coming years
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





