കാനഡ പോസ്റ്റിലെ തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, തങ്ങളുടെ ഓവർടൈം നിരോധനം പിൻവലിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, ചർച്ചകൾ പുനരാരംഭിക്കാൻ കാനഡ പോസ്റ്റിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി, ഫ്ലയറുകളുടെ വിതരണം നിർത്തിവെക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ജാൻ സിംപ്സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഗസ്റ്റ് മാസത്തിൽ കാനഡ പോസ്റ്റ് മുന്നോട്ട് വെച്ച അവസാന ഓഫർ യൂണിയൻ തള്ളിയിരുന്നു. ഇതിന് മറുപടിയായി യൂണിയൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പിന്നോട്ട് പോക്കായിരുന്നുവെന്ന് കാനഡ പോസ്റ്റ് പ്രതികരിച്ചു. തപാൽ ജീവനക്കാർ ഓവർടൈം ജോലി നിർത്തലാക്കിയത് കാനഡ പോസ്റ്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് സിംപ്സൺ പറഞ്ഞു. ഈ നീക്കം ചർച്ചകൾ പുനരാരംഭിക്കാൻ സഹായിക്കുമെന്നും ക്രിസ്മസ് തിരക്കിന് മുമ്പായി ഒരു കരാറിലെത്താൻ സാധിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഫ്ലയറുകൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കാനുള്ള യൂണിയന്റെ തീരുമാനം നിരാശാജനകമാണെന്ന് കാനഡ പോസ്റ്റ് പ്രതികരിച്ചു. ആയിരക്കണക്കിന് കനേഡിയൻ ബിസിനസുകളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് കാനഡ പോസ്റ്റ് വക്താവ് ഫിൽ ലെഗോൾട്ട് പ്രസ്താവനയിൽ പറഞ്ഞു. “ഈ സമരം ബിസിനസ് മേഖലയിലെ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയേ ഉള്ളൂ”, ലെഗോൾട്ട് കൂട്ടിച്ചേർത്തു. യൂണിയന്റെ പുതിയ നിർദ്ദേശങ്ങൾ നിലവിലെ യാഥാർത്ഥ്യങ്ങളെ പരിഗണിക്കുന്നില്ലെന്നും, പരിഹാരത്തിന് ഉതകുന്ന പ്രായോഗികമായ നിർദ്ദേശങ്ങളുമായി യൂണിയൻ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും കാനഡ പോസ്റ്റ് അറിയിച്ചു.
ചെറുകിട വ്യവസായ ഫെഡറേഷന്റെ പ്രസിഡന്റ് ഡാൻ കെല്ലി യൂണിയന്റെ നീക്കത്തെ നിരാശാജനകമെന്ന് വിശേഷിപ്പിച്ചു. ഏകദേശം 20 ശതമാനത്തോളം ചെറുകിട ബിസിനസുകൾ കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാൻ ഫ്ലയറുകളെ ആശ്രയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയനും കാനഡ പോസ്റ്റും തമ്മിലുള്ള തർക്കം വേതനവർദ്ധന, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതേസമയം, 2018 മുതൽ കാനഡ പോസ്റ്റ് 5 ബില്യൺ ഡോളറിലധികം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി ഒരു മാസത്തോളം നീണ്ടുനിന്ന പണിമുടക്ക് ഒടുവിൽ ലേബർ മന്ത്രി സ്റ്റീവൻ മാക്കിന്നോൺ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ സർക്കാർ വീണ്ടും ഇടപെട്ടേക്കുമോ എന്ന ആശങ്ക സിംപ്സൺ പങ്കുവെച്ചു. ഇത്തരം തൊഴിൽ തർക്കങ്ങളിൽ സർക്കാർ ഇടപെടുന്നത് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുമെന്നും, ചർച്ചകൾക്ക് തയ്യാറാകാതെ ഒഴിഞ്ഞുമാറാൻ ഇത് അവർക്ക് ധൈര്യം നൽകുമെന്നും അവർ ആരോപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:



