മാർക്കാം: നഗരത്തിലിറങ്ങുന്ന കാട്ടുമൃഗങ്ങളിൽ നിന്ന് നാട്ടുകാരെയും, ആളുകളിൽ നിന്ന് വന്യജീവികളെയും ഒരുപോലെ സംരക്ഷിക്കാൻ പുതിയൊരു സാങ്കേതികവിദ്യയുമായി എട്ടുവയസ്സുകാരൻ. ഒന്റാറിയോയിലുള്ള മാർക്കാമിൽ താമസിക്കുന്ന വിയൂഹൻ സയൂറൻ എന്ന വിദ്യാർത്ഥിയാണ് ‘അർബൻ വൈൽഡ് വാച്ച്’ (Urban Wild Watch) എന്ന സൗജന്യ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ജൂൺ 5-ന് പ്രവർത്തനം തുടങ്ങിയ ഈ ആപ്പ് വഴി ഇതിനകം കാനഡയിലും അമേരിക്കയിലുമായി 150-ലധികം വന്യജീവി സാന്നിധ്യങ്ങൾ ആളുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
വീട്ടുപരിസരത്ത് കരടിയും ചെന്നായ്ക്കളും നിരന്തരമായി ഇറങ്ങാൻ തുടങ്ങിയതോടെയാണ് മൃഗങ്ങളെ അപകടത്തിലാക്കാതെ നാട്ടുകാർക്ക് പരസ്പരം മുന്നറിയിപ്പ് നൽകാൻ വിയൂഹൻ ഈ വഴി കണ്ടെത്തിയത്. ചെന്നായ്ക്കൾ, കരടികൾ, കുറുക്കന്മാർ, മാനുകൾ എന്നിവയെ കാണുകയോ അവയ്ക്ക് പരിക്കേറ്റതായി ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ആപ്പിലൂടെ വിവരങ്ങൾ കൈമാറാം. എന്നാൽ, മൃഗങ്ങൾ നിൽക്കുന്ന കൃത്യമായ സ്ഥലം ആപ്പ് കാണിക്കില്ല; പകരം ആ പ്രദേശം മാത്രമാണ് അടയാളപ്പെടുത്തുക.
Also Read: അഫ്ഗാൻ യുദ്ധത്തിന് 25 വർഷം: ഓർമ്മ പുതുക്കി കാനഡ
ഫോട്ടോയും വീഡിയോയും എടുക്കാനായി ആളുകൾ കൂട്ടത്തോടെ ഓടിയെത്തുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നും, അത് മനുഷ്യരുടെയും വന്യജീവികളുടെയും സുരക്ഷയെ ബാധിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് ഈ ക്രമീകരണം. വലിയ സങ്കീർണ്ണമായ കോഡിംഗ് പഠിക്കാതെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിയൂഹൻ ഈ ആപ്പ് നിർമ്മിച്ചത്.
ആശയങ്ങൾ ക്രമീകരിക്കാൻ ‘ക്ലോഡ്’ (Claude) എന്ന എഐ ടൂളും, ലളിതമായ നിർദ്ദേശങ്ങളെ വെബ് ആപ്പാക്കി മാറ്റാൻ ‘ലവബിൾ’ (Lovable) എന്ന ടൂളും അവൻ ഉപയോഗിച്ചു. ടൊറന്റോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുരക്ഷിതമായ സഹവർത്തിത്വത്തിന് വഴിയൊരുക്കുകയാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









