ആൽബെർട്ടയിൽ നടക്കുന്ന ജി 7 നേതാക്കളുടെ ഉച്ചകോടി ആരംഭിക്കുന്നതിന് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വിഷയങ്ങൾ വെളിപ്പെടുത്തി കാനഡ. ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക എന്നതായിരിക്കും ഉച്ചകോടിയിൽ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു. വിദേശ ഇടപെടലുകളും രാജ്യാന്തര കുറ്റകൃത്യങ്ങളും തടയുന്നതും കാട്ടുതീക്കെതിരായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെയും, നിർണായക ധാതുക്കളുടെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെയും, കൃത്രിമബുദ്ധിയുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിന് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് കാനഡ ചർച്ച ചെയ്യും.
അതേസമയം, ജി7 ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ നിലവിൽ ജി 7 അംഗമല്ലെങ്കിലും സമ്മേളനത്തിലേക്ക് അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും കാർണി പറഞ്ഞു. കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ വരും കാലങ്ങളിൽ സൗഹാർദ്ദ പരമായ ബന്ധം നിലനിർത്താനും ഇരു നേതാക്കളും ധാരണയിലെത്തിയതായും അദ്ദേഹം അറിയിച്ചു.









