ഒട്ടാവ: കാനഡയിൽ പൗരത്വം ലഭിച്ചവർക്ക് വലിയ തിരിച്ചടി നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ലോസ്റ്റ് കനേഡിയൻസ്’ നിയമപ്രകാരം പൗരത്വം നേടിയവരോട് തങ്ങളുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപ്പിക്കാൻ ഇമിഗ്രേഷൻ വിഭാഗം നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൂറുകണക്കിന് പേർക്ക് ഇതുസംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചതായാണ് വിവരം.
പൗരത്വത്തിനായുള്ള അപേക്ഷയിൽ കുടുംബത്തിന്റെ കനേഡിയൻ പാരമ്പര്യം തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച പറ്റിയവരോ, അല്ലെങ്കിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാത്തവരോ ആണ് ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.
ഇമിഗ്രേഷൻ നിയമവിദഗ്ദ്ധനായ അമൻദീപ് ഹെയർ പറയുന്നത് അനുസരിച്ച്, കുറഞ്ഞത് ഇരുനൂറിലധികം പേർക്കെങ്കിലും ഇത്തരത്തിൽ കത്തുകൾ ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലും ഈ വിഷയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. എന്നാൽ, സംഭവത്തിൽ ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബിന്റെ ഓഫീസോ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം പാരമ്പര്യമായി പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ കാനഡ ഇളവുകൾ വരുത്തിയിരുന്നുവെങ്കിലും, നിലവിൽ നടക്കുന്ന ഈ പരിശോധനകൾ നിരവധി പേരെ വലിയ അനിശ്ചിതത്വത്തിലാണ് എത്തിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada orders return of citizenship certificates: Hundreds concerned










