നവംബർ മാസത്തിലുടനീളം കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. ശരത്കാലം കഴിഞ്ഞ് ശൈത്യകാലത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ തണുപ്പ് ശക്തമാകേണ്ടതിന് പകരം അസാധാരണമായ രീതിയിലാണ് ചൂട് രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വടക്കൻ-മധ്യ മേഖലകളിലാണ് ഈ മാറ്റം കൂടുതൽ ദൃശ്യമാകുന്നത്. കടലിന്റ ഉപരിതലത്തിലെ വ്യതിയാനങ്ങളാണ് നിലവിലെ ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.
പസഫിക് സമുദ്രത്തിലെ വെള്ളത്തിന് ചൂടുപിടിക്കുന്ന ശക്തമായ എൽ നിനോ പ്രതിഭാസമാണ് നിലവിലെ ചൂടിന് പ്രധാന കാരണം. കിഴക്കൻ പസഫിക് മേഖലയിലെ ഉയർന്ന താപനില വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ അന്തരീക്ഷത്തെ വൻതോതിൽ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഒക്ടോബർ മാസത്തിലും രാജ്യത്ത് ചൂടാണ് അനുഭവപ്പെട്ടത്. എന്നാൽ അറ്റ്ലാന്റിക് കാനഡയിലും ചില തെക്കൻ പ്രദേശങ്ങളിലും സാധാരണ നിലയിലുള്ള തണുപ്പ് തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പസഫിക്കിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ ദിശമാറുന്നത് കാറ്റിന്റെ ഗതി തെറ്റിക്കാൻ ഇടയാക്കുന്നുണ്ട്. ഇത്തരം തടസ്സങ്ങൾ പടിഞ്ഞാറൻ കാനഡയിൽ ഉഷ്ണക്കാറ്റിനും കിഴക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുള്ള തണുപ്പിനും വഴിവെക്കും. പസഫിക്കിലെ കാറ്റിന്റെ വേഗതയും ദിശയും നിരന്തരം മാറുന്നത് കാലാവസ്ഥാ പ്രവചനം കൂടുതൽ സങ്കീർണ്ണമാക്കുന്നു. വരും ദിവസങ്ങളിൽ കാറ്റിന്റെ ദിശ മാറുന്നതിനനുസരിച്ച് പ്രാദേശിക കാലാവസ്ഥയിലും വ്യതിയാനം വരാം.
മഞ്ഞുപ്രദേശത്തെ തണുത്ത വായുവിനെ തടഞ്ഞുനിർത്തുന്ന പോളാർ വോർട്ടക്സ് ഇത്തവണ മൂന്നാഴ്ച മുമ്പേ തകരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തൽ. ചരിത്രത്തിലാദ്യമായാണ് ഇത്രയും നേരത്തെ ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത് ധ്രുവപ്രദേശത്തുനിന്നുള്ള കടുത്ത ശൈത്യകാറ്റ് തെക്കൻ പ്രദേശങ്ങളിലേക്ക് ഇറങ്ങാൻ കാരണമാകും. എന്നാൽ ഈ തണുത്ത കാറ്റ് കാനഡയിലേക്കാണോ അതോ സൈബീരിയൻ മേഖലയിലേക്കാണോ നീങ്ങുകയെന്ന കാര്യത്തിൽ ഈ മാസം അവസാനത്തോടെ മാത്രമേ വ്യക്തത വരൂ.
Also Read: സ്ഥിരമായ ‘ഡേലൈറ്റ് സേവിംഗ് ടൈം’ വേണോ? കാനഡയിൽ സമയമാറ്റം വീണ്ടും ചർച്ചയിൽ
ഉയർന്ന താപനില പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും നവംബർ മാസത്തിലെ ശരാശരി തണുപ്പ് കാനഡയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പകൽ സമയങ്ങളിൽ 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ പോലും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രധാരണം അത്യാവശ്യമാണ്. പോളാർ വോർട്ടക്സിന്റെ നീക്കം കൂടി കണക്കിലെടുത്ത് വരുന്ന ആഴ്ചകളിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





