ഓട്ടവ: കാനഡയിൽ നിയന്ത്രിത Controlled Substances അടങ്ങിയ പ്രിസ്ക്രിപ്ഷൻ മരുന്നുകളെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ ഒക്ടോബർ 1 മുതൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. നിലവിൽ വിവിധ നിയമങ്ങളിലൂടെ നിയന്ത്രിക്കപ്പെട്ടിരുന്ന സംവിധാനത്തെ ഹെൽത്ത് കാനഡ ഒറ്റ നിയമ വ്യവസ്ഥയിലേക്ക് ഏകീകരിക്കുകയാണ്. 2025 ഡിസംബർ 17-ന് കാനഡ ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമങ്ങൾ പ്രകാരമാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. പഴയ അഞ്ച് പ്രധാന നിയമങ്ങൾ ഒന്നാക്കിയാണ് പുതിയ ചട്ടക്കൂട് രൂപീകരിച്ചിരിക്കുന്നത്. രോഗികൾക്ക് മരുന്ന് ലഭിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കില്ലെങ്കിലും ഫാർമസിസ്റ്റുകൾക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നതും യാത്രക്കാർക്ക് സഹായകരമാകുന്നതുമാണ് പുതിയ പരിഷ്കാരം.
ഫാർമസിസ്റ്റുകൾക്ക് കൂടുതൽ അധികാരം
1960-കൾ മുതൽ നാർക്കോട്ടിക്, ബെൻസോഡയാസെപൈൻ തുടങ്ങിയ മരുന്നുകൾക്കായി നിലനിന്നിരുന്ന വെവ്വേറെ നിയമങ്ങൾക്ക് പകരമായാണ് പുതിയ നിയമം വരുന്നത്. കോവിഡ് സമയത്ത് ഫാർമസിസ്റ്റുകൾക്ക് നൽകിയിരുന്ന താൽക്കാലിക അധികാരങ്ങൾ പുതിയ നിയമത്തോടെ സ്ഥിരമാകും. ഇതുവഴി ഡോക്ടറുടെ മരുന്ന് പ്രിസ്ക്രിപ്ഷൻ പുതുക്കാനും, കാലാവധി നീട്ടി നൽകാനും, മറ്റൊരു ഫാർമസിയിലേക്ക് മാറ്റി നൽകാനും ഫാർമസിസ്റ്റുകൾക്ക് സാധിക്കും. പ്രവിശ്യാ നിയമങ്ങളുടെ അനുമതിയോടെ, ഡോക്ടർ എഴുതിയ മരുന്നിന് പകരം അതേ ഗുണമുള്ള മറ്റൊരു മരുന്ന് രോഗിക്ക് നൽകാൻ ഫാർമസിസ്റ്റുകൾക്ക് അനുവാദമുണ്ടാകും. ഫാർമസി ടെക്നീഷ്യൻമാർക്കും ചില ചുമതലകൾ സ്വയം ചെയ്യാൻ അധികാരമുണ്ടാകും. ഇതിനുപുറമേ, ആശുപത്രികളിലെ ജീവനക്കാർക്ക് മരുന്ന് കൈകാര്യം ചെയ്യാനുള്ള ഔദ്യോഗിക അനുമതി നൽകാൻ ഇനി സ്ഥാപന മേധാവികൾക്ക് സാധിക്കും.
Also Read: ഒന്റാറിയോ കൊടുങ്കാറ്റിൽ വീടിനോ വാഹനത്തിനോ കേടുപാട് സംഭവിച്ചോ? ഇൻഷുറൻസ് ക്ലെയിം ചെയ്യും മുൻപ് ഇതറിയൂ
യാത്രക്കാർക്ക് വലിയ ആശ്വാസം
പുതിയ മാറ്റങ്ങൾ കാരണം രോഗികൾക്ക് മരുന്ന് ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 30 വരെയുള്ള പ്രിസ്ക്രിപ്ഷനുകൾ ഒക്ടോബർ 1 ശേഷവും സാധുവായിരിക്കും. യാത്രക്കാർക്ക് നിലവിൽ 30 ദിവസത്തെ മരുന്നുകൾ മാത്രം കൊണ്ടുപോകാനായിരുന്നത് ഇനിമുതൽ 90 ദിവസത്തേക്ക് വരെ കൈവശം വയ്ക്കാം. എന്നാൽ മരുന്നുകൾ യഥാർത്ഥ ലേബലുള്ള കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. പുതിയ ചട്ടങ്ങൾ വരുന്നതോടെ പഴയ നിയമങ്ങൾ പൂർണ്ണമായി റദ്ദാക്കപ്പെടും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









