ഓട്ടവ: ഫെഡറൽ സർക്കാരിന്റെ യൂറോപ്യൻ യൂണിയൻ (EU) ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിലും, ക്രെഡിറ്റ് ട്രാൻസ്ഫർ പ്രതിസന്ധിയും വൻ സാമ്പത്തിക ബാധ്യതയും കാനഡയ്ക്ക് വലിയ കടമ്പയാകുന്നു.
യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ അന്താരാഷ്ട്ര വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമായ ‘ഇറാസ്മസ് പ്ലസ്’ (Erasmus+) പദ്ധതിയിൽ കാനഡ പൂർണ്ണ അംഗത്വത്തിന് ഒരുങ്ങുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ കനേഡിയൻ വിദ്യാർത്ഥികൾക്ക് യൂറോപ്പിൽ പോയി പഠിക്കാനും ജോലി ചെയ്യാനുമുള്ള വലിയ അവസരങ്ങളാണ് വാതിൽ തുറക്കുന്നത്. മോൺട്രിയലിൽ നടന്ന കാനഡ-Eu ഉച്ചകോടിയിലും 2026-ലെ ബജറ്റിലും കാനഡയുടെ ഈ താൽപ്പര്യം കാർണി ആവർത്തിച്ചു വ്യക്തമാക്കി. “ഈ പ്രോഗ്രാം നിലവിൽ വന്നാൽ ഒരു കനേഡിയൻ വിദ്യാർത്ഥിക്ക് മക്ഗിൽ സർവകലാശാലയിൽ പഠിക്കുന്നത്ര എളുപ്പത്തിൽ ബാഴ്സലോണയിലും പോയി പഠിക്കാം,” എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികൾക്ക് മാത്രമല്ല, ജോലി ആരംഭിക്കുന്നവർ, ട്രെയിനികൾ, അപ്രന്റീസുകൾ, അക്കാദമിക് വിദഗ്ദ്ധർ എന്നിവർക്കും ഈ പദ്ധതി പ്രയോജനപ്പെടും. ഉദാഹരണത്തിന്, മാനിറ്റോബയിലെ ഒരു അപ്രന്റീസ് വെൽഡർക്ക് ഇറ്റലിയിലെ ഒരു സ്ഥാപനത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കി പുതിയ കഴിവുകളോടെ തിരികെ വരാൻ ഇത് വഴിയൊരുക്കും. യൂറോപ്പിൽ പഠിക്കുന്ന കനേഡിയൻ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിലും രജിസ്ട്രേഷൻ ഫീസിലും പൂർണ്ണ ഇളവ് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
എന്നാൽ പദ്ധതിയുടെ പൂർണ്ണ അംഗത്വത്തിലേക്ക് എത്തുവാൻ കാനഡയ്ക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ടെന്ന് യൂറോപ്യൻ സംയോജന വിദഗ്ദ്ധനായ പ്രൊഫസർ ഒലിവർ ഷ്മിഡ്കെ ചൂണ്ടിക്കാണിക്കുന്നു:
വിദ്യാഭ്യാസ മേഖലയിലെ പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം: കാനഡയിൽ വിദ്യാഭ്യാസം പ്രവിശ്യാ സർക്കാരുകളുടെ കീഴിലാണ് വരുന്നത്. അതിനാൽ ഫെഡറൽ സർക്കാരും പ്രവിശ്യാ സർക്കാരുകളും തമ്മിൽ ഏകോപനം സാധ്യമാക്കുക പ്രയാസകരമാണ്.
ക്രെഡിറ്റ് ട്രാൻസ്ഫർ സമ്പ്രദായം: യൂറോപ്പിലെ ഇക്ടിഎസ് (ECTS) രീതിക്ക് സമാനമായി കാനഡയിലെ സർവകലാശാലകൾക്കിടയിൽ പൊതുവായ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം നിലവിലില്ല. ഒരേ പ്രവിശ്യയിലെ സ്ഥാപനങ്ങൾക്കിടയിൽ പോലും വ്യത്യാസങ്ങളുണ്ട്.
കനത്ത സാമ്പത്തിക ബാധ്യത: ഇറാസ്മസ് പ്ലസിൽ ചേരുന്നതിന് കോടിക്കണക്കിന് ഡോളർ തുക അടയ്ക്കേണ്ടി വരും. യുകെ ആദ്യ വർഷം ഏകദേശം 1 ബില്യൺ ഡോളറിലധികമാണ് ഇതിനായി നൽകുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കനേഡിയൻ സർവകലാശാലകൾക്ക് യൂറോപ്യൻ വിദ്യാർത്ഥികൾക്കായി തുക ചെലവഴിക്കേണ്ടി വരും.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
ഈ വെല്ലുവിളികൾക്കിടയിലും കാനഡയിലെ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, വാട്ടർലൂ, വെസ്റ്റേൺ തുടങ്ങിയ പ്രമുഖ സർവകലാശാലകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ഭാരം ഒരു തടസ്സമായി കാണുന്നില്ലെന്നും, യൂറോപ്പുമായുള്ള കൂട്ടായ്മയ്ക്കാണ് പ്രാധാന്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





