ഒട്ടാവ : ആർത്തവവിരാമം നേരിടുന്ന ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ മതിയായ ഇളവുകളും പിന്തുണയും നൽകേണ്ടതുണ്ടെന്ന് കനേഡിയൻ ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. യു.എസ് പ്രവിശ്യയായ റോഡ് ഐലൻഡ് തൊഴിലുടമകൾക്ക് ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഇളവുകൾ നിർബന്ധമാക്കി നിയമം കൊണ്ടുവന്ന പശ്ചാത്തലത്തിലാണ് കാനഡയിലും ഈ ചർച്ച സജീവമായത്. കാനഡയിൽ നിലവിൽ ഇതിനായി പ്രത്യേക നിയമങ്ങളൊന്നുമില്ലെങ്കിലും, ജീവനക്കാർക്ക് മെച്ചപ്പെട്ട പിന്തുണയും ബോധവൽക്കരണവും നിയമ പരിരക്ഷയും ആവശ്യമാണെന്ന വിലയിരുത്തലിലാണ് വിദഗ്ദ്ധർ.
ആർത്തവവിരാമ ലക്ഷണങ്ങൾ കൃത്യമായി പരിഹരിക്കാത്തത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 350 കോടി ഡോളറിന്റെ (3.5 ബില്യൺ) നഷ്ടം വരുത്തുന്നതായി മെനോപോസ് ഫൗണ്ടേഷൻ ഓഫ് കാനഡയുടെ 2023 ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരിബാധയോ രോഗമോ അല്ലാത്ത ഈ സ്വാഭാവിക ശാരീരിക മാറ്റം കാരണം കാനഡയിൽ പ്രതിവർഷം 5,40,000 പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്നാണ് ഡെലോയിറ്റ് കാനഡയുടെ സാമ്പത്തിക വിശകലനം ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുള്ളത്. ചൂട് കൂടുക, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും ആരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്ന് മക്മാസ്റ്റർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അലിസൺ ഷിയ വ്യക്തമാക്കി.
നിയമനിർമ്മാണം കൊണ്ട് മാത്രം ഈ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനാകില്ലെന്നും തൊഴിലിടങ്ങളിലെ സാമൂഹികമായ മാറ്റിനിർത്തലുകളും മടിയും അവസാനിപ്പിക്കുകയാണ് പ്രധാനമെന്നും കനേഡിയൻ മെനോപോസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ക്ലോഡിയോ സോറസ് അറിയിച്ചു. ജോലിസ്ഥലങ്ങളിൽ ഭയം കൂടാതെ ഈ വിഷയം ചർച്ച ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കൃത്യമായ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളോടെയുള്ള നിയമ പരിരക്ഷ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ആർത്തവവിരാമത്തെക്കുറിച്ചുള്ള കൃത്യമായ വിദ്യാഭ്യാസവും അവബോധവും സ്ത്രീകളുൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും നൽകേണ്ടതുണ്ടെന്നും ഡോ. അലിസൺ ഷിയ കൂട്ടിച്ചേർത്തു.
Canada needs more support for employees going through menopause; legislative discussions underway
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





