ഒട്ടാവ: കാനഡയിലേക്ക് വണ്ടി കയറാൻ പ്ലാനിടുന്ന ഡിജിറ്റൽ നൊമാഡുകൾക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. വർക്ക് പെർമിറ്റ് ഇല്ലാതെ കാനഡയിൽ താമസിച്ച് ജോലി ചെയ്യാനുള്ള ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഇമിഗ്രേഷൻ വകുപ്പ്. 2026 മേയ് 26-ന് പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശങ്ങളിലാണ് ഡിജിറ്റൽ നൊമാഡുകൾക്ക് മേലുള്ള പരിശോധനകൾ ശക്തമാക്കാൻ ഇമിഗ്രേഷൻ ഓഫീസർമാർക്ക് രാജ്യം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻപ് സാധാരണ സന്ദർശകരെപ്പോലെ അധിക രേഖകളൊന്നും കൂടാതെ ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമായിരുന്നെങ്കിൽ, ഇനി മുതൽ ശക്തമായ തെളിവുകൾ ഹാജരാക്കേണ്ടി വരും.
പുതിയ നിയമപ്രകാരം തങ്ങളുടെ വരുമാനം പൂർണ്ണമായും കാനഡയ്ക്ക് പുറത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ അപേക്ഷകർ സമർപ്പിക്കേണ്ടതുണ്ട്. വിദേശത്തുള്ള ഒരു കമ്പനിയുടെ റിമോട്ട് ജീവനക്കാരനാണെന്നോ, അല്ലെങ്കിൽ കാനഡയ്ക്ക് പുറത്തുള്ള ക്ലയന്റുകൾക്ക് മാത്രമാണ് സേവനം നൽകുന്നതെന്നോ ബോധ്യപ്പെടുത്തണം. കാനഡയിലെ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ച് ജോലി ചെയ്ത് പണമുണ്ടാക്കാൻ ഇവരെ അനുവദിക്കില്ല. തങ്ങളുടെ തൊഴിലുടമയ്ക്കോ ക്ലയന്റുകൾക്കോ കാനഡയുമായി യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്ന് ഇമിഗ്രേഷൻ ഓഫീസറെ ബോധ്യപ്പെടുത്തേണ്ടത് ഇനി മുതൽ അനിവാര്യമാണ്.
നിലവിലെ കനേഡിയൻ നിയമപ്രകാരം വിദേശ കമ്പനികൾക്ക് വേണ്ടി റിമോട്ട് ആയി ജോലി ചെയ്യുന്നവർക്ക് സന്ദർശക വിസയിൽ വന്ന് ആറ് മാസം വരെ രാജ്യത്ത് താമസിക്കാം. ഇതിനായി പ്രത്യേക വർക്ക് പെർമിറ്റിന്റെ ആവശ്യമില്ല. എന്നാൽ ആറ് മാസത്തിൽ കൂടുതൽ രാജ്യത്ത് തുടരണമെന്നുണ്ടെങ്കിൽ ഇവർ ‘വിസിറ്റർ റെക്കോർഡിനായി’ അപേക്ഷിക്കണം. ഒപ്പം വരുന്ന കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർ തനിയെ താൽക്കാലിക താമസത്തിനുള്ള അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്. മറ്റ് താൽക്കാലിക താമസക്കാരെപ്പോലെ തന്നെ സാമ്പത്തിക ഭദ്രത തെളിയിക്കൽ, മെഡിക്കൽ ഫിറ്റ്നസ്, ക്രിമിനൽ പശ്ചാത്തലമില്ലായ്മ തുടങ്ങിയ പൊതുവായ എല്ലാ നിബന്ധനകളും ഡിജിറ്റൽ നൊമാഡുകൾക്കും ബാധകമായിരിക്കും. കാനഡയിലേക്ക് പോകുന്നവർ കൃത്യമായ രേഖകൾ കൈവശം കരുതിയില്ലെങ്കിൽ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രവേശനം നിഷേധിക്കപ്പെടാൻ പുതിയ നിയമം കാരണമായേക്കാം.
Canada imposes stricter requirements on digital nomads
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










