ഒട്ടാവ: വ്യക്തികളുടെ നിയമപരമായ സമ്മതമില്ലാതെ നടത്തുന്ന വന്ധ്യംകരണം (Sterilization) ഗുരുതരമായ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന ബിൽ കാനഡ പാർലമെന്റിൽ ഹൗസ് ഓഫ് കോമൺസ് പാസാക്കി. രാജ്യത്ത് വർഷങ്ങളായി ഉയർന്നുവന്ന ശക്തമായ ആവശ്യങ്ങൾക്കൊടുവിലാണ് പാർലമെന്റ് ഈ പുതിയ നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം, സമ്മതമില്ലാതെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നത് ‘ഗുരുതരമായ ആക്രമണമായി’ കണക്കാക്കുകയും കുറ്റക്കാർക്ക് പരമാവധി 14 വർഷം വരെ തടവുശിക്ഷ ലഭിക്കുകയും ചെയ്യും.
രാജ്യത്ത് ദീർഘകാലമായി തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയാനുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ പുതിയ നിയമനിർമ്മാണം വിലയിരുത്തപ്പെടുന്നത്. ഇതിനായി പ്രവർത്തിക്കുന്ന അതിജീവിതരുടെ സംഘടനയായ ‘സർവൈവേഴ്സ് സർക്കിൾ ഫോർ റീപ്രൊഡക്ടീവ് ജസ്റ്റിസ്’ നൽകുന്ന കണക്കുകൾ പ്രകാരം, കാനഡയിൽ 1890-കൾ മുതൽ ഇന്നുവരെ പതിനയ്യായിരത്തോളം തദ്ദേശീയ വംശജരായ സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ഇത്തരത്തിൽ ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. തങ്ങളുടെ അവകാശങ്ങൾക്കായി 2015 മുതൽ നിയമപോരാട്ടം നടത്തുന്ന സാമൂഹിക പ്രവർത്തകരും അതിജീവിതരും പാർലമെന്റിൽ ബിൽ പാസായ നിമിഷം വികാരഭരിതരായാണ് പ്രതികരിച്ചത്.
അതേസമയം, ജീവൻ രക്ഷിക്കാനുള്ള അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകുമ്പോൾ പുതിയ നിയമം ആരോഗ്യപ്രവർത്തകർക്ക് ഭീഷണിയാകുമോ എന്ന് ചില ഡോക്ടർമാരുടെ സംഘടനകൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജീവൻ നിലനിർത്താൻ വേണ്ടി നടത്തുന്ന അടിയന്തര ചികിത്സകളെ കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്നും അത്തരം നടപടികൾക്ക് ശിക്ഷയുണ്ടാകില്ലെന്നും അതിജീവിതരുടെ സംഘടന വ്യക്തമാക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും ഈ നിയമം അത്യന്താപേക്ഷിതമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada House of Commons passes bill making sterilization without consent a serious crime










