കാനഡയിൽ ഹോം കെയർ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള (Permanent Residency – PR) പുതിയ ഇമിഗ്രേഷൻ പദ്ധതിക്ക് മാർച്ച് 31, 2025 മുതൽ തുടക്കമാകും. ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്സ് (Home Care Worker Immigration Pilots – HCWIP) എന്ന ഈ പദ്ധതി, പരിചാരകരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് രൂപകൽപ്പന ചെയ്തതാണ്. ക്യൂബെക് പ്രവിശ്യയിൽ അല്ലാത്ത തൊഴിലവസരങ്ങൾ തേടുന്നവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
ചൈൽഡ് കെയർ (Child Care – NOC 44100), ഹോം സപ്പോർട്ട് (Home Support – NOC 44101) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് HCWIP പ്രവർത്തിക്കുന്നത്. കുട്ടികളെ വീടുകളിൽ പരിചരിക്കുന്നവർക്ക് ചൈൽഡ് കെയർ വിഭാഗത്തിലും, പ്രായമായവരെയും, വൈകല്യമുള്ളവരെയും സഹായിക്കുന്നവർക്ക് ഹോം സപ്പോർട്ട് വിഭാഗത്തിലും അപേക്ഷിക്കാം. തുടക്കത്തിൽ ‘Workers in Canada’ എന്ന വിഭാഗത്തിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഈ രണ്ട് വിഭാഗങ്ങളിലുമായി 5,500 അപേക്ഷകൾക്കാണ് പ്രഥമ പരിഗണന. 2026 മാർച്ച് 31-ന് ഈ പരിധി പുനഃക്രമീകരിക്കും.
താമസസ്ഥലം, തൊഴിൽ പെർമിറ്റ്, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ CLB 4 (Canadian Language Benchmark) ലെവലിലുള്ള ഭാഷാ പ്രാവീണ്യം, പ്രവൃത്തി പരിചയം അല്ലെങ്കിൽ പരിശീലനം തുടങ്ങിയ നിശ്ചിത യോഗ്യതകൾ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (Labour Market Impact Assessment – LMIA) ഇല്ലാതെ തന്നെ കാനഡയിലെ തൊഴിലുടമകളിൽ നിന്ന് സാധുവായ ഒരു ജോലി വാഗ്ദാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പെർമനന്റ് റെസിഡൻസ് (Permanent Residence – PR) പോർട്ടൽ വഴി രേഖകൾ സമർപ്പിച്ച് അപേക്ഷാ ഫീസ് അടച്ച് അപേക്ഷിക്കാം.
മാർച്ച് 31, 2025-ന് കിഴക്കൻ സമയം രാവിലെ 10 മണിക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. അതിനാൽ, താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് തയ്യാറെടുക്കുന്നത് നല്ലതാണ്. കാരണം, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒഴിവുകൾ നികത്തപ്പെടാൻ സാധ്യതയുണ്ട്. കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഹോം കെയർ ജീവനക്കാർക്ക് ഈ അവസരം ഒരു മുതൽക്കൂട്ട് ആകും.





