ഒട്ടാവ: ആഗോള സന്തോഷ സൂചികയിൽ കാനഡയുടെ സ്ഥാനം വലിയ തോതിൽ താഴേക്ക് പോയതായും രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതായും പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്ര. പത്തുവർഷം മുൻപ് ലോകത്ത് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കാനഡ, 2026-ലെ പുതിയ റിപ്പോർട്ട് പ്രകാരം 25-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് അദ്ദേഹം ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ടിലെ ‘യുവതലമുറയുടെ സന്തോഷം’ എന്ന വിഭാഗം പരിശോധിച്ചാൽ രാജ്യത്തെ യുവാക്കളുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് കാണാമെന്നും പൊയ്‌ലിവ്ര ചൂണ്ടിക്കാട്ടി. സന്തോഷത്തിന്റെ കാര്യത്തിൽ കനേഡിയൻ യുവാക്കൾ ലോകത്ത് 71-ാം സ്ഥാനത്താണ്. ലോകത്തെ 70 രാജ്യങ്ങളിലെ യുവാക്കൾ കാനഡയിലുള്ളവരേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്നും വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവരേക്കാൾ വളരെ പിന്നിലാണ് കാനഡയുടെ നിലവിലെ സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കസാക്കിസ്ഥാൻ, വിയറ്റ്‌നാം, മോൾഡോവ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കൾ പോലും കനേഡിയൻ യുവാക്കളേക്കാൾ സംതൃപ്തമായ ജീവിതം നയിക്കുന്നു എന്നത് രാജ്യത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തമായി വീട് വാങ്ങാനുള്ള ബുദ്ധിമുട്ടും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് യുവാക്കളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നത്. നിലവിലെ സാഹചര്യം മാറണമെങ്കിൽ ഭരണതലത്തിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും പിയറി പൊയ്‌ലിവ്ര കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada falls behind in global happiness index: Pierre Poilivra strongly criticizes the government




