വിൻഡ്സർ: വിൻഡ്‌സർ ഫോർഡ് സിറ്റിയിൽ നിന്ന് ഭൂവുടമയുടെ എതിർപ്പിനെത്തുടർന്ന് മാറ്റേണ്ടി വന്ന ബിൽബോർഡിലെ പ്രമേയം ഇപ്പോൾ ബാഡ്ജുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് പ്രാദേശിക കലാകാരൻ. “നിങ്ങൾ നിലവിൽ വരുന്നതിനും മുൻപേ വിൻഡ്‌സറിൽ ഡ്രാഗ് ക്വീനുകൾ ഉണ്ടായിരുന്നു” (Windsor Had Drag Queens Before You Existed) എന്ന സന്ദേശം അടങ്ങിയ കലാസൃഷ്ടിയാണ് ബട്ടണുകളുടെ രൂപത്തിൽ വിൻഡ്‌സർ-എസെക്സിലെ തെരുവുകളിൽ പുതിയ തരംഗമാകുന്നത്. ശനിയാഴ്ച നടന്ന ‘ഡ്രോപ്പ്ഡ് ഓൺ ഡ്രൂയാർഡ്’ (Dropped on Drouillard) ഫെസ്റ്റിവലിൽ വിതരണം ചെയ്ത ഈ ബട്ടണുകൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞതായി കലാകാരനായ കോൾ ഫോർട്ടിയർ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 23-നാണ് ‘ന്യൂ വോയ്‌സസ്’ പദ്ധതിയുടെ ഭാഗമായി ഡ്രൂയാർഡ് റോഡിലെ ആർട്ട്‌സൈറ്റിന് പുറത്ത് എട്ടടി വലിപ്പമുള്ള ഈ ബിൽബോർഡ് സ്ഥാപിച്ചത്. എന്നാൽ ബിൽബോർഡിലെ വരികൾ മാറ്റുന്നതിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ഓഗസ്റ്റ് 11-ന് കെട്ടിട ഉടമയുടെ ആവശ്യപ്രകാരം ഇത് നീക്കം ചെയ്യുകയായിരുന്നു.
കലാസൃഷ്ടികൾ മാറുമ്പോൾ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് വാടകക്കരാർ ചൂണ്ടിക്കാട്ടി ആർട്ട്‌സൈറ്റ് അധികൃതർ പറയുന്നത്. വിവാദങ്ങൾക്ക് പിന്നാലെ പോകാൻ താല്പര്യമില്ലെന്നും സമത്വ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ബട്ടണുകൾ നിർമ്മിച്ചതെന്നും ഫോർട്ടിയർ വ്യക്തമാക്കി. അഞ്ചു ഡോളർ സംഭാവന തുക ഈടാക്കി വിതരണം ചെയ്ത ബട്ടണുകളിൽ നിന്നുള്ള വരുമാനം തുടർ കലാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. വിൻസർ-ഡെട്രോയിറ്റ് മേഖലയിലെ 150 വർഷത്തിലേറെ പഴക്കമുള്ള ഡ്രാഗ് പെർഫോമൻസ് പാരമ്പര്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഫോർട്ടിയർ ഈ പ്രമേയം തയ്യാറാക്കിയത്.
ചരിത്രകാരനായ വാൾട്ടർ കാസിഡിയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണ പ്രകാരം 1868-ലാണ് ഈ മേഖലയിൽ ആദ്യമായി ഡ്രാഗ് പ്രകടനം രേഖപ്പെടുത്തിയിട്ടുള്ളത്. മാറ്റിയ ബിൽബോർഡ് നിലവിൽ ആർട്ട്‌സൈറ്റിന്റെ ലോബിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ സന്ദേശം കേവലം ഒരു ബിൽബോർഡിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ലഭിക്കുന്ന പിന്തുണയെന്നും കൂടുതൽ ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറക്കുമെന്നും കലാകാരൻ അറിയിച്ചു. ഫോർഡ് സിറ്റി ബിസിനസ് ഇംപ്രൂവ്‌മെന്റ് അസോസിയേഷനും ആർട്സ് കൗൺസിലും ചേർന്ന് ബിൽബോർഡ് സ്ഥാപിക്കാൻ പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ്.
Billboard removed; Protests turn to buttons: Local artist in Windsor receives public support
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




