ഒട്ടാവ: LGBTQ2S+ സമൂഹത്തിന് വലിയ നേട്ടം. സ്വവർഗാനുരാഗികൾക്കും ബൈസെക്സ്വൽ പുരുഷന്മാർക്കും കാനഡയിലെ സ്പേം ബാങ്കുകളിലേക്ക് ബീജം ദാനം ചെയ്യുന്നതിന് ഉണ്ടായിരുന്ന അവസാന നിയന്ത്രണങ്ങളും ഹെൽത്ത് കാനഡ നീക്കി.വർഷങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവിലാണ് ഫെഡറൽ സർക്കാർ ഈ നയപരിഷ്‌കരണം നടപ്പാക്കുന്നത്.ഈ മാറ്റത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചത് അസീസ് എം. എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മുഴുവൻ പേര് കോടതി ഉത്തരവ് പ്രകാരം പുറത്തുവിട്ടിട്ടില്ല.
സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി അറിയിക്കുന്നതിന് മുമ്പ്, 2014-15 കാലഘട്ടത്തിൽ അദ്ദേഹം ടൊറന്റോയിലെ സ്പേം ബാങ്കിൽ നിരവധി തവണ ബീജം ദാനം ചെയ്തിരുന്നു. അന്ന് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയതിനുശേഷം അദ്ദേഹത്തിന്റെ ബീജം ഉപയോഗിച്ച് ഒരു ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് ലൈംഗികാഭിമുഖ്യം മാത്രം അടിസ്ഥാനമാക്കി താൻ “അനുയോജ്യമല്ലാത്ത ദാതാവ്” ആണെന്ന് സർക്കാർ നയം വിലയിരുത്തുന്നതായി അറിഞ്ഞതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
“വിവേചനമാണ് എന്നെ ഈ പോരാട്ടത്തിലേക്ക് നയിച്ചത്. LGBTQ2S+ സമൂഹത്തിലെ പലർക്കും കുടുംബം രൂപീകരിക്കുന്നത് കൂടുതൽ വെല്ലുവിളിയുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ കൂടുതൽ സ്വവർഗ-ബൈസെക്സ്വൽ പുരുഷന്മാർ സമൂഹത്തിന് ഇത്തരത്തിൽ സംഭാവന ചെയ്യാൻ താൽപര്യപ്പെടും,” എന്ന് അസീസ് പറഞ്ഞു. പതിറ്റാണ്ടുകളായി സ്വവർഗ-ബൈസെക്സ്വൽ പുരുഷന്മാർക്ക് സ്പേം ബാങ്കുകളിലേക്ക് ബീജം ദാനം ചെയ്യാൻ കാനഡയിൽ വിലക്കുണ്ടായിരുന്നു.
2020-ൽ മൂന്ന് മാസത്തേക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ ദാനം ചെയ്യാനാകൂ എന്ന രീതിയിൽ നിയമത്തിൽ ഇളവ് നൽകിയെങ്കിലും, അത് ഇപ്പോഴും വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി അസീസ് 2023-ൽ ഭരണഘടനാപരമായ വെല്ലുവിളി ഉയർത്തി. തുടർന്ന് 2024-ൽ ഹെൽത്ത് കാനഡ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ സംവിധാനം കൊണ്ടുവന്നെങ്കിലും, അതും സ്വവർഗ-ബൈസെക്സ്വൽ പുരുഷന്മാരെ പരോക്ഷമായി ഒഴിവാക്കുന്നതാണെന്ന് നിയമസംഘം വാദിച്ചു.
ഇപ്പോൾ പ്രഖ്യാപിച്ച പുതിയ നയപ്രകാരം, ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള ശേഷിക്കുന്ന ചോദ്യങ്ങളും ഹെൽത്ത് കാനഡ ഒഴിവാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുതിയ ലൈംഗിക പങ്കാളിയുമായി അനൽ സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ, ഒന്നിലധികം പങ്കാളികളുമായി അത്തരം ബന്ധമുണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി ഒഴിവാക്കുന്നത്. പകരം, HIV, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കണ്ടെത്താൻ കൂടുതൽ കൃത്യതയുള്ള ആധുനിക പരിശോധനാ കിറ്റുകൾ നിർബന്ധമാക്കും. സ്പേം ദാനത്തിനും അണ്ഡദാനത്തിനും ഒരുപോലെ ഈ മാനദണ്ഡങ്ങൾ ബാധകമാകും.
കേസിലെ അഭിഭാഷകരായ ഗ്രിഗറി കോയും ഫ്രാങ്ക് നാസ്കയും ഈ തീരുമാനം പതിറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിന് വിരാമമിടുന്ന ചരിത്രപരമായ നീക്കമാണെന്ന് പ്രതികരിച്ചു. നിലവിലുള്ള പരിശോധനാ സംവിധാനങ്ങൾ തന്നെ സുരക്ഷ ഉറപ്പാക്കാൻ മതിയെന്ന് വിദഗ്ധരുടെ സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ബീജദാനത്തിന് മുമ്പും ശേഷവും പകർച്ചവ്യാധി പരിശോധനയും ആറുമാസത്തെ ക്വാറന്റീൻ കാലയളവും ഉൾപ്പെടെയുള്ള നടപടികൾ നിലവിലുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി.
കാനഡിയൻ ഫെർട്ടിലിറ്റി ആൻഡ് ആൻഡ്രോളജി സൊസൈറ്റി (CFAS) ഉൾപ്പെടെയുള്ള വിദഗ്ധ സംഘടനകൾ ശാസ്ത്രീയ തെളിവുകൾക്ക് അനുസൃതമായ തീരുമാനമാണിതെന്ന് സ്വാഗതം ചെയ്തു. ശാസ്ത്രത്തേക്കാൾ മുൻവിധികൾക്ക് പ്രാധാന്യം നൽകിയിരുന്ന പഴയ സമീപനത്തിൽ നിന്ന് സർക്കാർ മാറിയതിന്റെ സൂചന കൂടിയാണിതെന്ന് LGBTQ2S+ അവകാശ പ്രവർത്തകരും അഭിപ്രായപ്പെട്ടു. അതേസമയം, ഈ മാറ്റം നടപ്പാക്കാൻ ഒരു വ്യക്തിക്ക് വർഷങ്ങളോളം നിയമപോരാട്ടം നടത്തേണ്ടിവന്നത് നിരാശാജനകമാണെന്നും അവർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തിക്കൊണ്ട് ബീജദാന സംവിധാനം കൂടുതൽ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുന്ന മാറ്റങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നതായി ആരോഗ്യമന്ത്രി മാർജറി മിഷേലിന്റെ ഓഫീസ് അറിയിച്ചു.
canada-ending-discriminatory-sperm-donation-rules-after-court-challenge
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






