ടൊറന്റോ: ലോകത്തിലെ ഏറ്റവും സമ്പന്നമായ മേഖലയായി വടക്കേ അമേരിക്ക തുടരുമ്പോഴും, രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആഗോള സമ്പത്ത് പട്ടികയിൽ കാനഡ പതിമൂന്നാം സ്ഥാനത്തേക്ക്. സ്വിസ് ബാങ്കായ യു.ബി.എസ് (UBS) പുറത്തിറക്കിയ ‘ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. വ്യക്തികളുടെ സാമ്പത്തിക ആസ്തികളും ഭൂമി, വീട് എന്നിവയെല്ലാം കണക്കൂകൂട്ടി, അതിൽ നിന്ന് കടബാധ്യതകൾ കുറച്ച ശേഷമുള്ള തുകയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ഈ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം 2025-ൽ ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് ശരാശരി 9,10,382 ഡോളർ ആസ്തിയുള്ള സ്വിറ്റ്സർലൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് 6,96,277 ഡോളറാണ്. എന്നാൽ പതിമൂന്നാം സ്ഥാനത്തുള്ള കാനഡയിൽ ഒരു വ്യക്തിയുടെ ശരാശരി ആസ്തി 3,99,886 ഡോളർ മാത്രമാണ്. അമേരിക്കയുടെ ഉയർന്ന സാമ്പത്തിക നിലയാണ് വടക്കേ അമേരിക്കൻ മേഖലയെ ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശമായി നിലനിർത്താൻ സഹായിച്ചത്. ഈ മേഖലയിലെ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് 6.6 ലക്ഷം ഡോളറാണ്. ഓസ്ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടുന്ന മേഖല രണ്ടാം സ്ഥാനത്തും, പശ്ചിമ യൂറോപ്പ് മൂന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞവർഷം ആഗോളതലത്തിൽ വ്യക്തിഗത സമ്പത്തിൽ 10.8 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വളർച്ച രേഖപ്പെടുത്തുമ്പോഴും ലോകത്ത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വം നിലനിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യയിലെ 1.5 ശതമാനം ആളുകളുടെ പക്കൽ 10 ലക്ഷം ഡോളറിലധികം ആസ്തിയുള്ളപ്പോൾ, ജനസംഖ്യയുടെ 42 ശതമാനം ആളുകളുടെയും സമ്പാദ്യം 10,000 ഡോളറിൽ താഴെ മാത്രമാണെന്നും യു.ബി.എസ് റിപ്പോർട്ടിൽ പറയുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Switzerland becomes the world's wealthiest country; Canada drops to 13th place in the Global Wealth Report.





