ഓട്ടവ: ഭീഷണിയും ഗുണ്ടാപ്പിരിവും നടത്തുന്ന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 111 വിദേശ പൗരന്മാരെ കാനഡയിൽ നിന്ന് പുറത്താക്കി. കാനഡ ബോർഡർ സർവീസസ് ഏജൻസിയും (CBSA) പ്രാദേശിക പോലീസും ചേർന്ന് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് നടപടി. കാനഡയിലെ കുടിയേറ്റ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ 188 പേർക്കാണ് നാടുകടത്തൽ ഉത്തരവ് നൽകിയത്. ഇതിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.

2025 ഓഗസ്റ്റിൽ രാജ്യത്തിന്റെ പസഫിക്, പ്രെയറി മേഖലകളിൽ തുടക്കമിട്ട പരിശോധന പിന്നീട് ബ്രിട്ടീഷ് കൊളംബിയയിലേക്കും ടൊറന്റോയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വ്യാപാരികളെയും സാധാരണക്കാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളെ അടിച്ചമർത്താനാണ് ഈ നീക്കം. ഇതിനകം പസഫിക് മേഖലയിൽ നിന്ന് 58 പേരെയും പ്രെയറിയിൽ നിന്ന് 30 പേരെയും ടൊറന്റോയിൽ നിന്ന് 23 പേരെയുമാണ് നാടുകടത്തിയത്. പ്രധാനമായും ബ്രിട്ടീഷ് കൊളംബിയയിലും ഒന്റാറിയോയിലുമുള്ള ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ സമൂഹത്തെ സമൂഹത്തെ ലക്ഷ്യമിട്ടാണ് ഇവിടുത്തെ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
വെടിവെപ്പ് കേസുകളിലും ആയുധ കേസുകളിലും പങ്കുള്ള പൽവീന്ദർ സിംഗ്, അമിതോസ് ബജ്‌വ, ആളുകളെ തടഞ്ഞുവെച്ചതിന് ശിക്ഷിക്കപ്പെട്ട ജസ്മീർ സിംഗ്, ക്രിമിനൽ സംഘത്തിൽ പങ്കാളിയാണെന്ന് സമ്മതിച്ച സാഹിബ്ജോത് സിംഗ് എന്നിവരാണ് നാടുകടത്തപ്പെട്ടവരിൽ പ്രമുഖർ. കുറ്റവാളികളെ കണ്ടെത്തി പുറത്താക്കുന്നത് വഴി രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. ഭീഷണിയും തട്ടിപ്പുകളും തടയാൻ പോലീസുമായി ചേർന്ന് കർശന നടപടികൾ തുടരുമെന്ന് ഏജൻസി പ്രസിഡന്റ് എറിൻ ഒഗോർമാനും വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 1,010 പേർ ഉൾപ്പെടെ 23,160 വിദേശികളെ കാനഡ തിരികെ അയച്ചിട്ടുണ്ട്. അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി 530 ഉദ്യോഗസ്ഥരെക്കൂടി നിലവിൽ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 2025-ലെ ബജറ്റിൽ വകയിരുത്തിയ 30.4 മില്യൺ ഡോളർ ഉപയോഗിച്ച് 1,000 പുതിയ ഓഫീസർമാരെ കൂടി വൈകാതെ നിയമിക്കുമെന്നും ഏജൻസി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








