ഒട്ടാവ: വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് ഇനി മുതൽ കാനഡ പൗരത്വം അത്ര എളുപ്പത്തിൽ ലഭിച്ചേക്കില്ല. കാനഡയുടെ പുതിയ ‘ബിൽ സി-3’ നിയമപ്രകാരം, 2025 ഡിസംബർ 15-ന് ശേഷം വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് കടുപ്പമേറിയ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ഈ നിയമക്കുരുക്കിൽ നിന്ന് രക്ഷപെടാൻ ഇത്തരം ആളുകൾക്ക് മുന്നിൽ നിയമപരമായ ഒരു എളുപ്പവഴിയുമുണ്ട്.
പുതിയ നിയമപ്രകാരം, കാനഡയ്ക്ക് പുറത്ത് ജനിച്ച ഒരു കനേഡിയൻ പൗരന് 2025 ഡിസംബർ 15-ന് ശേഷം വിദേശത്ത് വച്ച് ഒരു കുട്ടി ജനിക്കുകയാണെങ്കിൽ, ആ കുട്ടിക്ക് സ്വാഭാവിക പൗരത്വം ലഭിക്കില്ല. കുട്ടി ജനിക്കുന്നതിന് മുൻപ് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കുറഞ്ഞത് 3 വർഷം അതായത് 1,095 ദിവസങ്ങൾ കാനഡയിൽ താമസിച്ചിട്ടുണ്ട് എന്ന് തെളിയിക്കണം. ഇതിനെയാണ് ‘സബ്‌സ്റ്റാൻഷ്യൽ കണക്ഷൻ ടെസ്റ്റ്’ എന്ന് വിളിക്കുന്നത്. ഈ മൂന്ന് വർഷം തുടർച്ചയായി താമസിക്കണം എന്ന് നിർബന്ധമില്ല, ജീവിതത്തിൽ എപ്പോഴെങ്കിലും ആകെ 1,095 ദിവസങ്ങൾ കാനഡയിൽ കഴിഞ്ഞിട്ടുണ്ടായാൽ മതിയാകും. അതേസമയം, 2025 ഡിസംബർ 15-ന് മുൻപ് ജനിച്ച കുട്ടികൾക്ക് പഴയ നിയമപ്രകാരം പൗരത്വം സുരക്ഷിതമായിരിക്കും.
ഈ മൂന്ന് വർഷത്തെ താമസപരിചയം കാണിക്കാൻ സാധിക്കാത്ത ആളുകൾക്ക് തങ്ങളുടെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം ഉറപ്പാക്കാൻ ഒരു മികച്ച വഴിയുണ്ട്. പ്രസവം കാനഡയിലാക്കുക എന്നതാണ് ഈ മാർഗ്ഗം. കാനഡയിലെ നിയമപ്രകാരം കനേഡിയൻ മണ്ണിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും മാതാപിതാക്കളുടെ വിസയോ പൗരത്വ പദവിയോ നോക്കാതെ തന്നെ സ്വാഭാവികമായി കനേഡിയൻ പൗരത്വം ലഭിക്കും. മാതാപിതാക്കൾ മുൻപ് കാനഡയിൽ ജീവിച്ചിട്ടില്ലെങ്കിൽ പോലും, കുട്ടി കാനഡയിൽ ജനിച്ചാൽ പൗരത്വത്തിന് ഈ 3 വർഷത്തെ നിബന്ധന ബാധകമാകില്ല. ഉദാഹരണത്തിന്, അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു കനേഡിയൻ പൗരൻ കാനഡയിൽ എത്തിയാണ് കുഞ്ഞിന് ജന്മം നൽകുന്നതെങ്കിൽ, ആ കുഞ്ഞിന് കനേഡിയൻ പൗരത്വത്തോടൊപ്പം തന്നെ മാതാപിതാക്കൾ വഴി അമേരിക്കൻ പൗരത്വത്തിനും അർഹതയുണ്ടായിരിക്കും.
എന്നാൽ വിദേശത്ത് നിന്ന് കുട്ടികളെ ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡിസംബർ 15-ന് ശേഷം ദത്തെടുക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ 3 വർഷം കാനഡയിൽ കഴിഞ്ഞിരിക്കണം എന്ന നിബന്ധന നിർബന്ധമാണ്. കാനഡയുടെ എമിഗ്രേഷൻ വകുപ്പായ ഐആർസിസി ഈ 3 വർഷത്തെ താമസം എങ്ങനെയാണ് കണക്കാക്കുകയോ വെരിഫൈ ചെയ്യുകയോ ചെയ്യുക എന്നതിൻ്റെ പൂർണ്ണമായ മാർഗ്ഗരേഖ വരും ദിവസങ്ങളിൽ പുറത്തുവിടും. അതിനാൽ പ്രവാസികൾ തങ്ങൾ മുൻപ് കാനഡ സന്ദർശിച്ചതിൻ്റെയും താമസിച്ചതിൻ്റെയും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
You’re Canadian under Bill C-3, but your future children might not be — here’s what you can do about it
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










