ഓട്ടവ: കാനഡയിലെ പ്രമുഖ ബാങ്കുകൾ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി എ.ഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. സ്കോട്ടിയാബാങ്ക്, ടി.ഡി ബാങ്ക്, ആർ.ബി.സി, ബി.എം.ഒ, സിഐബിസി തുടങ്ങിയ മുൻനിര ബാങ്കുകളുടെ ഉന്നതഉദ്യോഗസ്ഥർ എ.ഐ നൽകുന്ന നേട്ടങ്ങൾ വ്യക്തമാക്കിയതോടെയാണ് ഈ വിഷയം വീണ്ടും വാർത്താപ്രാധാന്യം നേടിയത്. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ വൻതോതിൽ സമയം ലാഭിക്കാൻ എ.ഐ സഹായിക്കുന്നുണ്ടെങ്കിലും, ഇത് സാധാരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
എ.ഐ സാങ്കേതികവിദ്യ ബാങ്കുകളുടെ ദിവസേനയുള്ള പ്രവർത്തനങ്ങളിൽ വലിയ സമയലാഭമാണ് ഉണ്ടാക്കുന്നത്. നാലര മാസത്തിനിടെ എ.ഐ വഴി 24,000 ദിവസത്തെ ജോലിസമയം ലാഭിക്കാൻ സാധിച്ചതായി സ്കോട്ടിയാബാങ്ക് സി.ഇ.ഒ സ്കോട്ട് തോമ്സൺ വ്യക്തമാക്കി. മോർട്ട്ഗേജ് അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് മുൻപ് 15 മണിക്കൂർ വരെ എടുത്തിരുന്നത് ഇപ്പോൾ മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്ന് ടി.ഡി ബാങ്ക് സി.ഇ.ഒ റെയ്മണ്ട് ചുൻ ചൂണ്ടിക്കാട്ടി. കൂടാതെ, ഇൻഷുറൻസ് മേഖലയിൽ സാധാരണ 28 ദിവസം വരെ വേണമായിരുന്ന അണ്ടർറൈറ്റിംഗ് തീരുമാനങ്ങൾ വെറും 10 സെക്കൻഡിനുള്ളിൽ എടുക്കാൻ എ.ഐ മോഡലുകൾക്ക് കഴിയുന്നുണ്ടെന്ന് ബി.എം.ഒ സി.ഇ.ഒ ഡാരിൽ വൈറ്റും അറിയിച്ചു.
കാനഡയിലെ പ്രധാന ബാങ്കുകളിൽ നിലവിൽ നാല് ലക്ഷത്തോളം മുഴുവൻ സമയ ജീവനക്കാരുണ്ട്. ഇത് രാജ്യത്തെ വാഹന അസംബ്ലി, പാർട്സ് നിർമ്മാണ മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ്. എന്നാൽ ജീവനക്കാരിൽ വലിയൊരു പങ്കിനെ എ.ഐ സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയുടെ പഠനപ്രകാരം ധനകാര്യ മേഖലയിലെ 98 ശതമാനം തൊഴിലാളികളും എ.ഐയുടെ സ്വാധീന വലയത്തിലാണ്. രാജ്യത്തെ മൂന്നിലൊന്ന് ജോലികളിൽ എ.ഐ മാറ്റങ്ങൾ വരുത്തുമെന്നും, പ്രത്യേകിച്ച് ബാങ്കിംഗ്, ഇൻഷുറൻസ് ക്ലെറിക്കൽ തസ്തികകളെ ഇത് സാരമായി ബാധിച്ചേക്കാമെന്നും ബാങ്ക് ഓഫ് കാനഡയും വിലയിരുത്തുന്നു.
Also Read : കാൻസർ രോഗികളിലെ ക്ഷീണം മറികടക്കാം; ‘റെഡ്സെനോൾ-1 പ്ലസ്’ പരീക്ഷണത്തിന് ഹെൽത്ത് കാനഡയുടെ പച്ചക്കൊടി
എ.ഐ നടപ്പാക്കുന്നത് വഴി ബില്യൺ കണക്കിന് ഡോളറിന്റെ അധിക മൂല്യം സൃഷ്ടിക്കാനാണ് ബാങ്കുകൾ ലക്ഷ്യമിടുന്നത്. എൻട്രി-ലെവൽ, ജൂനിയർ തസ്തികകൾ ബ്രാഞ്ചുകളിലെ മുൻനിര ജീവനക്കാർ എന്നിവരിലെ ആവശ്യകത കുറഞ്ഞേക്കാം എന്ന് സാമ്പത്തിക, തൊഴിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, എ.ഐ മനുഷ്യർക്ക് പകരക്കാരനല്ലെന്നും മറിച്ച് ജോലികൾ എളുപ്പമാക്കാനുള്ള ഒരു സഹായി മാത്രമാണെന്നുമാണ് ആർ.ബി.സി, സിഐബിസി എന്നീ ബാങ്കുകളുടെ നിലപാട്. വലിയ സാമ്പത്തിക പ്രതിസന്ധികൾ വന്നില്ലെങ്കിൽ ബാങ്ക് മേഖലയിലെ ആകെ ജോലിക്കാരുടെ എണ്ണം ഭാവിയിലും കൂടുമെന്നും, അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
15 hours of work in 3 minutes; AI set to conquer major Canadian banks.









