ഹോർമൂസ്: ഹോർമൂസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി ഉയർത്തുകയും ചെയ്തുവെന്നാരോപിച്ച് അഞ്ച് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡ പുതിയ ഉപരോധം ഏർപ്പെടുത്തി. ആഗോള വ്യാപാരത്തിനും ഊർജ സുരക്ഷയ്ക്കും ഹോർമൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം അത്യാവശ്യമാണെന്നും, അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ച് ഇറാൻ തർക്കങ്ങൾ ലഘൂകരിക്കണമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) മുതിർന്ന ഉദ്യോഗസ്ഥരും കനാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാട്ടേഴ്‌സ് കമാൻഡറുമായ അലി അബ്ദുള്ളാഹി, ഈ ആസ്ഥാനത്തിന്റെ വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഖാരി, ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ-വിദേശകാര്യ നയ സമിതി തലവൻ ഇബ്രാഹിം അസീസി, ഇറാന്റെ നാവികസേനാ തലവൻ ഷഹ്രാം ഇറാനി, ഇറാനിയൻ ഓയിൽ, ഗ്യാസ് ആൻഡ് പെട്രോകെമിക്കൽ പ്രൊഡക്ട്സ് എക്സ്പോർട്ടേഴ്സ് യൂണിയൻ ചെയർമാനും വക്താവുമായ ഹമീദ് ഹൊസൈനി എന്നിവരാണ് ഉപരോധം നേരിടുന്ന അഞ്ച് വ്യക്തികൾ. പുതിയ തീരുമാനത്തോടെ ഇറാനിലെ സുരക്ഷാ, രഹസ്യാന്വേഷണ, സാമ്പത്തിക മേഖലകളിലായി കാനഡ ഉപരോധമേർപ്പെടുത്തിയ വ്യക്തികളുടെ എണ്ണം 232-ഉം സ്ഥാപനങ്ങളുടെ എണ്ണം 260-ഉമായി ഉയർന്നു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനും മുൻപ് ധാരണയായ സമാധാന കരാർ നടപ്പിലാക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതിനിടയിലാണ് കാനഡയുടെ ഈ നീക്കം. യുദ്ധത്തെത്തുടർന്ന് തങ്ങളുടെ സ്വാധീനം വ്യക്തമാക്കാനായി ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹൊർമൂസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തുകയും കപ്പലുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. കടലിടുക്ക് വീണ്ടും തുറക്കാൻ സഖ്യരാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ ഇതിൽ പൂർണ്ണമായും പങ്കാളികളായിട്ടില്ല.
യുഎസ് മിലിട്ടറിക്ക് എത്രകാലം വേണമെങ്കിലും ഇറാന് മേലുള്ള നാവിക ഉപരോധം തുടരാനാകുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം കാരണം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 4.3 ദശലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി പ്രവചിച്ചിരിക്കുന്നു. വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുതിച്ചുയരുന്നത് ട്രംപ് ഭരണകൂടത്തിനും വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





