കാൽഗരി: കാനഡയിലെ കടുത്ത വിലക്കയറ്റത്തിലും ബിസിനസ് മന്ദതയിലും പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്ക് വലിയ ആശ്വാസമാകാൻ ലോകപ്രശസ്തമായ ‘കാൽഗരി സ്റ്റാമ്പീഡ്’ മേളയെത്തുന്നു. മേള ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇത്തവണത്തെ ജനത്തിരക്ക് തങ്ങളുടെ ബിസിനസുകളെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കാൽഗരിയിലെ റസ്റ്റോറന്റ് ഉടമകളും ഹോം സ്റ്റേ ഇൻഡസ്ട്രി അടക്കമുള്ള ടൂറിസം മേഖലയും. ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലവർദ്ധനവ് മൂലം ലാഭവിഹിതം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇത്തവണത്തെ സ്റ്റാമ്പീഡ് കാൽഗരിക്ക് സാമ്പത്തിക ഊർജ്ജമാകുന്നത്.
മേളയുടെ ഭാഗമായി നഗരത്തിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകർ തങ്ങളെപ്പോലുള്ള ചെറുകിട സംരംഭകർക്ക് നൽകുന്ന പിന്തുണ ചെറുതല്ലെന്ന് കാൽഗരിയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ‘വോക്ക് ആൻഡ് കോ’ (Wok and Co.) ഉടമയും ഷെഫുമായ ആശിഷ് ദാംലെ പറയുന്നു. സ്റ്റാമ്പീഡ് കാലയളവിൽ മാത്രം റസ്റ്റോറന്റുകളിലെ വാരന്ത വരുമാനത്തിൽ 40 മുതൽ 60 ശതമാനം വരെ വർദ്ധനവാണ് സാധാരണ ഉണ്ടാകാറുള്ളത്. ഈ ബിസിനസ് വളർച്ച ജൂലൈ മാസം മുഴുവൻ നീണ്ടുനിൽക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ അധിക വരുമാനം ബിസിനസ് നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും ആശിഷ് ദാംലെ വ്യക്തമാക്കുന്നു.
റസ്റ്റോറന്റ് മേഖലയ്ക്ക് പുറമെ നഗരത്തിലെ ഹോം സ്റ്റേ (Airbnb) മേഖലയും വലിയ പ്രതീക്ഷയിലാണ്. നിലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബുക്കിംഗുകളിൽ നേരിയ കുറവുണ്ടെങ്കിലും, മേളയോട് അനുബന്ധിച്ച് അവസാന നിമിഷം വലിയ തോതിൽ ബുക്കിംഗുകൾ നടക്കാറുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ റോബി ഖുൻഖുൻ പറയുന്നു. വേനൽക്കാലത്ത് ലഭിക്കുന്ന ഈ വരുമാനമാണ് പല ഹോം സ്റ്റേ ഉടമകളെയും കാനഡയിലെ കടുത്ത ശീതകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ ഈ മേളയ്ക്ക് വലിയ പങ്കുണ്ട്.
ഇത്തവണ കാനഡക്കാർ വിദേശയാത്രകൾ ഒഴിവാക്കി രാജ്യത്തിനകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതും വാൻകൂവറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സ്വാധീനവും കാൽഗരി സ്റ്റാമ്പീഡിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കാൻ കാരണമാകുമെന്ന് കോൺകോർഡിയ സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസറായ മോഷെ ലാൻഡർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, കാൽഗരി സ്റ്റാമ്പീഡ് വഴി കാനഡയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 872.4 മില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. ഇതിൽ 664.2 മില്യൺ ഡോളറും കാൽഗരി നഗരത്തിലാണ് വിനിയോഗിക്കപ്പെട്ടത്. തദ്ദേശീയർക്ക് ശമ്പള ഇനത്തിൽ മാത്രം 191 മില്യൺ ഡോളറോളം ഇതിലൂടെ ലഭിച്ചിരുന്നു. സാമ്പത്തിക ലാഭത്തിനപ്പുറം തദ്ദേശീയ ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രചാരണം ലഭിക്കാനും ഈ മേള കാരണമാകുമെന്നാണ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷ.
'Calgary Stampede' brings hope during crisis; A festival of survival for small businesses
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





