അഹമ്മദാബാദ്: കാനഡയിലെ പ്രമുഖ കമ്പനിയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ഇമിഗ്രേഷൻ നടപടികളുടെ പേരിൽ അഹമ്മദാബാദിലെ 38-കാരനായ വ്യവസായിയിൽ നിന്ന് 28.6 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പിനിരയായ ഇസാൻപൂർ സ്വദേശിയായ വ്യവസായി ചൊവ്വാഴ്ച അഹമ്മദാബാദ് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. പ്രമുഖ തൊഴിൽ പോർട്ടലായ ‘ഇൻഡീഡ് ഇന്ത്യ’, കനേഡിയൻ കമ്പനി എന്നിവയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് സൈബർ തട്ടിപ്പുകാർ തുക തട്ടിയെടുത്തത്. ജൂൺ 26 നും ജൂലൈ 23 നും ഇടയിലാണ് സംഭവം നടന്നത്.

വിവിധ തൊഴിൽ പോർട്ടലുകളിൽ ബയോഡാറ്റ അപ്ലോഡ് ചെയ്തിരുന്ന പരാതിക്കാരന് ജൂൺ 26-നാണ് ‘ഇൻഡീഡ് ഇന്ത്യ’യുടേതിന് സമാനമായ ഇമെയിൽ വിലാസത്തിൽ നിന്ന് ആദ്യ സന്ദേശം ലഭിക്കുന്നത്. ടൊറന്റോയിലെ ‘ജിറാഫ് ഫുഡ്സ്’ എന്ന കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇമെയിൽ. വിസ, വിമാന ടിക്കറ്റ് ചെലവുകൾ, താമസം, ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കമ്പനി വഹിക്കുമെന്നും ഇമെയിലിൽ വാഗ്ദാനമുണ്ടായിരുന്നു.
തുടർന്ന് റിക്രൂട്ട്മെന്റ് ഫീസായി യുപിഐ വഴി 1,850 രൂപ നൽകാൻ ഇയാളോട് ആവശ്യപ്പെട്ടു. ഇത് അടച്ചതിന് പിന്നാലെ ഇൻഡീഡ് മാനേജരാണെന്ന് അവകാശപ്പെട്ടയാൾ കനേഡിയൻ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി ഫോൺ അഭിമുഖം സംഘടിപ്പിച്ചു. അഭിമുഖത്തിന് ശേഷം ഇയാൾക്ക് വ്യാജ ഓഫർ ലെറ്റർ നൽകുകയും രേഖകൾ പരിശോധിക്കുന്നതിനായി 7,290 രൂപ കൂടി വാങ്ങുകയും ചെയ്തു.
പിന്നീട് മെഡിക്കൽ പരിശോധന, റെസിഡൻസ് പെർമിറ്റ്, ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, ഫണ്ട് കമ്മിറ്റ്മെന്റ്, കരാറുകൾ, ജിഎസ്ടി ചെലവുകൾ, ഇമിഗ്രേഷൻ പ്രൊസസിംഗ് തുടങ്ങി വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ജൂലൈ 1 മുതൽ 15 വരെയുള്ള കാലയളവിൽ വ്യവസായി ആകെ 28,57,247 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു.
Also Read: യു.എസ് താരിഫ് വന്നാലും തോറ്റുകൊടുക്കില്ല! പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടി കാനഡക്കാർ
എന്നാൽ ജൂലൈ 15-ന് ചില രേഖകളുടെ കുറവുണ്ടെന്ന് കാണിച്ച് വിസ അപേക്ഷ നിരസിച്ചതായി തട്ടിപ്പുകാർ ഇയാളെ അറിയിച്ചു. അപേക്ഷ വീണ്ടും പ്രൊസസ്സ് ചെയ്യാൻ 20,000 കനേഡിയൻ ഡോളർ കൂടി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് താൻ തട്ടിപ്പിനിരയായ വിവരം ഇയാൾ മനസ്സിലാക്കുന്നത്. തുടർന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട വ്യവസായിയോട് സർവീസ് ചാർജായി 2.8 ലക്ഷം രൂപ കൂടി തട്ടിപ്പുകാർ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്ന് അവകാശപ്പെട്ട മറ്റൊരു വ്യക്തി ജിഎസ്ടി ഉൾപ്പെടെ 18,000 രൂപ നൽകിയാൽ റീഫണ്ട് തരാമെന്നും പറഞ്ഞു.
ചതിക്കപ്പെട്ടതാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതോടെ ഇയാൾ ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




