വാൻകൂവർ: പൈപ്പ്‌ലൈൻ പദ്ധതിയെച്ചൊല്ലി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചുകൊണ്ട് കാനഡ ഫെഡറൽ സർക്കാരുമായി ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ സർക്കാർ ധാരണയിലെത്തി. പുതിയ പ്രകൃതിവിഭവ പദ്ധതികൾക്കായി കോടിക്കണക്കിന് ഡോളർ, വാൻകൂവർ ടണൽ പുനർനിർമ്മാണം, പരിസ്ഥിതി സംരക്ഷണ ഉറപ്പുകൾ, ശിശുസംരക്ഷണത്തിനായി 630 മില്യൺ ഡോളർ എന്നിവ ഫെഡറൽ സർക്കാരിൽ നിന്ന് ബി.സിക്ക് ലഭിക്കുന്നതാണ് ഒത്തുതീർപ്പ് കരാർ. പുതിയതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പൈപ്പ്‌ലൈൻ പദ്ധതിയെ പ്രവിശ്യാ സർക്കാർ നിയമപരമായി എതിർക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.സി പ്രീമിയർ ഡേവിഡ് ഇബി വ്യക്തമാക്കി. 200 ബില്യൺ ഡോളറിലധികം പുതിയ നിക്ഷേപങ്ങൾക്ക് ഈ ധാരണാപത്രം വഴിതുറക്കുമെന്ന് കാർണി അറിയിച്ചു.
പ്രവിശ്യയുടെ തെക്കൻ തീരത്ത് അവസാനിക്കുന്നതും നിലവിലുള്ള ‘ട്രാൻസ് മൗണ്ടൻ’ പൈപ്പ്‌ലൈൻ പാത പിന്തുടരുന്നതുമായ പുതിയ പദ്ധതിക്കെതിരെ കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയ ഡേവിഡ് ഇബി, പുതിയ പൈപ്പ്‌ലൈൻ തടയാൻ പ്രവിശ്യാ സർക്കാരിന് ഭരണഘടനാപരമായ അധികാരമില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, വടക്കൻ തീരത്തെ എണ്ണക്കപ്പൽ നിരോധനം (നോർത്ത് കോസ്റ്റ് ടാങ്കർ ബാൻ) നിലനിർത്താൻ ഫെഡറൽ സർക്കാർ സമ്മതിച്ചിട്ടുണ്ട്. പുതിയ കരാറിന്റെ ഭാഗമായി ഡെൽറ്റയിലെ റോബർട്ട്സ് ബാങ്ക് ടെർമിനലിലെ 10 ബില്യൺ ഡോളറിന്റെ തുറമുഖ നവീകരണത്തിനും, മെട്രോ വാൻകൂവറിനെ ബന്ധിപ്പിക്കുന്ന മാസി ടണൽ പുനർനിർമ്മാണത്തിനായി 3 ബില്യൺ ഡോളർ നൽകാനും ഫെഡറൽ സർക്കാർ സമ്മതിച്ചതാണ് ബി.സിയുടെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കിടന്നിരുന്ന ടണൽ നിർമ്മാണത്തിന് ഫെഡറൽ ഫണ്ട് ലഭ്യമാകുന്നത് പ്രവിശ്യാ സർക്കാരിന്റെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് പരിഹരിക്കുന്നത്. പുതിയ പൈപ്പ്‌ലൈൻ പാത കടന്നുപോകുന്ന തെക്കൻ തീരത്തെ ഫസ്റ്റ് നേഷൻസ് (പദ്ദതി ബാധിത തദ്ദേശീയ ജനവിഭാഗങ്ങൾ) സമൂഹങ്ങളുടെ പ്രതികരണം പദ്ധതിയുടെ വിജയത്തിൽ നിർണ്ണായകമായിരിക്കുമെന്ന് മുൻ സ്ക്വാമിഷ് നേഷൻ കൗൺസിൽ ചെയർപേഴ്സൺ ഖെൽസിലം വിലയിരുത്തി. എങ്കിലും തെക്കൻ തീരത്ത് കൂടുതൽ തദ്ദേശീയ വിഭാഗങ്ങളുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ടെന്നും, വിവിധ അഭിപ്രായങ്ങളുള്ളതിനാൽ ചർച്ചകളിലൂടെ പദ്ധതി നടപ്പാക്കാൻ സാധ്യമാണെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
British Columbia signs agreement with Canadian federal government to settle pipeline dispute
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




