ദില്ലി : ബ്രിക്സ് ഉച്ചകോടിക്ക് ദില്ലി ഒരുങ്ങി; സുരക്ഷയും ക്രമീകരണങ്ങളും കർശനമാക്കി പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദില്ലി. സെപ്റ്റംബർ 12, 13 തീയതികളിൽ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ഈ ഉച്ചകോടി നടക്കുന്നത്. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം. ഉച്ചകോടിക്കായി എത്തുന്ന ലോക നേതാക്കൾക്ക് നരേന്ദ്ര മോദി ശനിയാഴ്ച അത്താഴവിരുന്ന് നൽകും.
സെപ്റ്റംബർ 12-ന് ഉച്ചയ്ക്ക് രണ്ടിനാണ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ആരംഭിക്കുന്നത്. യോഗത്തിന്റെ ഭാഗമായി ഭാരത് മണ്ഡപം പരിസരത്ത് നേതാക്കൾ ഒന്നിച്ച് വൃക്ഷത്തൈ നടും. കൂടാതെ ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രത്യേക പ്രദർശനവും നേതാക്കൾ സന്ദർശിക്കും. തുടർന്ന് ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷനുകൾ നടക്കും. ഉച്ചയോടെ ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും.
ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി ദില്ലി നഗരത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര പ്രതിനിധികളും താമസിക്കുന്ന ഒമ്പത് പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകുമെന്ന് ദില്ലി പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സെപ്റ്റംബർ 11-ന് ദില്ലിയിലെ മുഴുവൻ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ‘ബ്രിക്’ കൂട്ടായ്മ പിന്നീട് ദക്ഷിണാഫ്രിക്കയും മറ്റ് പ്രമുഖ രാജ്യങ്ങളും ഉൾപ്പെട്ടതോടെയാണ് ‘ബ്രിക്സ്’ ആയി മാറിയത്. ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, യു.ഇ.ഇ, എത്യോപ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കൂടി പൂർണ്ണ അംഗങ്ങളായതോടെ ആഗോള സാമ്പത്തിക രംഗത്തെ ഏറ്റവും നിർണ്ണായക ശക്തികളിലൊന്നായി ഈ കൂട്ടായ്മ വളർന്നു കഴിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








