സെന്റ് ജോൺസ്: കാനഡയുടെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ബേ ഡു നോർഡ് എണ്ണപദ്ധതിയുമായി നോർവീജിയൻ കമ്പനിയായ ഇക്വിനോർ മുന്നോട്ട്. പദ്ധതിയുടെ വികസന അനുമതിക്കായി ‘കാനഡ-ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഓഫ്‌ഷോർ എനർജി റെഗുലേറ്ററി’ ബോർഡിന് കമ്പനി അപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ മേൽ റെഗുലേറ്ററി ബോർഡ് നടത്തുന്ന വിശദമായ പരിശോധനകൾക്ക് ശേഷമാകും പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുക.
പദ്ധതി പൊതുതാൽപ്പര്യത്തിന് അനുസൃതമാണോ എന്ന് റെഗുലേറ്ററി ബോർഡ് ആദ്യം വിലയിരുത്തും. ബോർഡിന്റെ ശുപാർശ ലഭിച്ചാൽ ഫെഡറൽ പ്രകൃതിവിഭവ വകുപ്പ് മന്ത്രിക്കും പ്രവിശ്യാ ഊർജ്ജ മന്ത്രിക്കും അപേക്ഷ കൈമാറും. ഇവരുടെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമേ പദ്ധതിക്ക് നിയമപരമായ അനുമതിയാകൂ. എന്നാൽ, ഭരണകൂടങ്ങൾ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ടാകും.
2022-ൽ തന്നെ ഫെഡറൽ ഗവൺമെന്റിന്റെ പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതിയാണിത്. നിലവിൽ വികസന അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ഇക്വിനോർ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോടിക്കണക്കിന് ഡോളർ ചിലവ് വരുന്ന പദ്ധതിയിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തിയ ശേഷം അടുത്ത വർഷമാകും കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
കാനഡയിലെ എണ്ണ ഖനന ചരിത്രത്തിൽ പുതിയൊരു അധ്യായമാകും ബേ ഡു നോർഡ്. നിലവിലുള്ള ഓഫ്‌ഷോർ പദ്ധതികളെക്കാൾ ആഴക്കടലിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ഈ എണ്ണശേഖരം കണ്ടെത്തിയിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമായാൽ അത് പ്രവിശ്യയുടെ സാമ്പത്തിക മേഖലയ്ക്കും തൊഴിൽ വിപണിക്കും വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Bay du Nord oil project: Final application submitted
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




