ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി യുവാവും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ കടുവാക്കുഴി ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി (26), ഹെലികോപ്റ്റർ പൈലറ്റ് എന്നിവരാണ് മരണപ്പെട്ടത്. ഏറെ വേദനാജനകമായ കാര്യം, ഡേവിന്റെ വിവാഹദിനത്തിൽ തന്നെയായിരുന്നു ഈ ദാരുണ ദുരന്തം സംഭവിച്ചത്.
മെയ് 29 വെള്ളിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. അന്നേദിവസമായിരുന്നു ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച ‘റോബിൻസൺ R66’ (Robinson R66) എന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെസ്‌നി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡേവും പൈലറ്റും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് (EMS) യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിലവിൽ സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. പരേതനായ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി. സന്തോഷം നിറഞ്ഞുനിൽക്കേണ്ട വിവാഹദിനത്തിൽ തന്നെ സംഭവിച്ച ഈ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.
Atlanta helicopter crash malayali youth died
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






