ഓട്ടവ: ഇന്ത്യൻ വംശജനായ കനേഡിയൻ പൊതുപ്രവർത്തകൻ അങ്കദ് സിംഗ് ധില്ലണെ യുഎഇയിലെ കാനഡയുടെ പുതിയ അംബാസഡറായി നിയമിച്ചു. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിലെ അംബാസഡറായ രാധ കൃഷ്ണ പാണ്ഡെയ്ക്ക് പകരക്കാരനായാണ് ധില്ലൺ യുഎഇയിൽ ചുമതലയേൽക്കുന്നത്.
അടുത്തിടെ വരെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസിൽ മുതിർന്ന കൺസൾട്ടന്റായി ധില്ലൺ പ്രവർത്തിച്ചിരുന്നു. കൂടാതെ ഫെഡറൽ സർക്കാരിൽ ചെറുകിട ബിസിനസ്, ഗതാഗതം എന്നീ വകുപ്പുകളുടെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജി7, ജി20, ഐക്യരാഷ്ട്രസഭ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വേദികളിൽ കാനഡയെ പ്രതിനിധീകരിച്ച പ്രവർത്തന പരിചയവും അദ്ദേഹത്തിനുണ്ട്.
2015-ൽ ലിബറൽ പാർട്ടിയിലൂടെ പ്രവർത്തനം ആരംഭിച്ച ധില്ലൺ ക്രമേണ ഫെഡറൽ ഭരണകൂടത്തിലെ പ്രധാന ചുമതലകളിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നപ്പോൾ കാനഡയുടെ ദേശീയ നിക്ഷേപ ഉച്ചകോടിയുടെ ആസൂത്രണത്തിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
Also Read: ട്രംപ്-ഷി കൂടിക്കാഴ്ച കാനഡയ്ക്ക് ഭീഷണിയോ? ആശങ്ക പങ്കുവെച്ച് മുൻ നയതന്ത്രജ്ഞൻ
യുഎഇയിലെ കാനഡയുടെ ഔദ്യോഗിക പ്രതിനിധിയായി ഉടൻ തന്നെ അദ്ദേഹം പ്രവർത്തനം ആരംഭിക്കും. വിദേശ നയതന്ത്ര രംഗത്തും ഭരണതലത്തിലുമുള്ള അദ്ദേഹത്തിന്റെ ദീർഘകാല അനുഭവ സമ്പത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരപരമായ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





