വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം കാനഡയുടെ സാമ്പത്തിക, സുരക്ഷാ താൽപര്യങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് മുൻ കനേഡിയൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്രിഗ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിൽ ചൈനീസ് പ്രസിഡന്റിന് ലഭിച്ച സ്വീകരണവും ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുന്ന പുതിയ ധാരണകളും കാനഡയുടെ സാമ്പത്തിക സഖ്യ താൽപ്പര്യങ്ങളെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഷി ജിൻപിംഗിനെ രാജകീയ സ്വീകരണമാണ് യു എസ് ഒരുക്കിയത്. ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും നയപരമായ കാര്യങ്ങളിൽ വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കോവ്രിഗ് ചൂണ്ടിക്കാട്ടുന്നു. ഷി ജിൻപിംഗിനെ ആഗോളതലത്തിൽ ട്രംപിന് തുല്യനായ നേതാവായി ഉയർത്തിക്കാട്ടാൻ മാത്രമാണ് ഈ സന്ദർശനം ഉപകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ഉയർന്ന താരിഫുകളും കയറ്റുമതി നിയന്ത്രണങ്ങളും കാരണം ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാരയുദ്ധം നിലനിന്നിരുന്നു. എന്നാൽ നിലവിൽ വലിയ ഏറ്റുമുട്ടലുകളിൽ നിന്ന് പിന്മാറി താൽക്കാലിക കരാറുകളിലൂടെ മുന്നോട്ടുപോകാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള ഈ ചെറിയ തോതിലുള്ള ധാരണകൾ നിലവിലെ വ്യാപാര സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം നൽകുന്നുണ്ട്.
ചൈനക്കെതിരെ കർശന നിലപാടെടുക്കാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുന്ന അമേരിക്ക, കാനഡയെ ഒഴിവാക്കി നേരിട്ട് ചൈനയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. പ്രധാനമന്ത്രി മാർക്ക് കാർണി ഈ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. അമേരിക്കൻ തീരുമാനങ്ങൾ കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കാൻ സാധ്യതയേറെയാണ്.
Also Read: 28-ാം പിറന്നാൾ ആഘോഷത്തിൽ ഗൂഗിൾ: ഹോംപേജിൽ പ്രത്യേക ഡൂഡിൽ
തായ്വാന നൽകേണ്ടിയിരുന്ന 1400 കോടി ഡോളറിന്റെ ആയുധ കൈമാറ്റം ട്രംപ് താൽക്കാലികമായി തടഞ്ഞുവെച്ചതും വലിയ ചർച്ചയായിട്ടുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും കാനഡയ്ക്ക് വളരെ പ്രധാനമാണ്. ചൈനയിലെ തടങ്കലിൽ നിന്ന് മോചിതനായതിന്റെ അഞ്ചാം വാർഷിക വേളയിലാണ് കോവ്രിഗ് ഈ നിർണായക നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





